കനാൽ പാനമയുടേതാണെന്നും അത് വിട്ടുകൊടുക്കില്ലെന്നും അറിയിച്ചുകൊണ്ട് ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിന് പാനമ കത്തയച്ചു

പാനമ സിറ്റി: പാനമ കനാൽ തിരിച്ചെടുക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങൾക്കെതിരെ പാനമ പ്രസിഡന്റ് മുലിനോ. ട്രംപിന്റെ വാക്കുകൾ തള്ളിക്കളയുന്നുവെന്ന് വ്യക്തമാക്കിയ പ്രസിഡന്റ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്ത് നൽകി. കനാൽ പാനമയുടേതാണെന്നും അത് വിട്ടുകൊടുക്കില്ലെന്നും ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിന് അയച്ച കത്തിൽ പറയുന്നു. അമേരിക്കയുടെ നിലപാട് ഐക്യരാഷ്ട്ര സഭയുടെ മൂല്യങ്ങളുടെ ലംഘനമാണെന്നും പാനമ പ്രസിഡന്റ് വ്യക്തമാക്കി.

പാനമ കനാൽ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തു കളഞ്ഞില്ലെങ്കിൽ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് നേരത്തെയും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കൻ കപ്പലുകൾക്ക് കനാലിൽ അന്യായമായ നിരക്ക് ഏർപ്പെടുത്തുന്നു എന്നാണ് ട്രംപിന്റെ പരാതി. പനാമ കനാൽ മേഖലയിലെ ചൈനീസ് സ്വാധീനത്തെ കുറിച്ചും ട്രംപ് നേരത്തെ സംസാരിച്ചിരുന്നു. അമേരിക്ക പാനമയ്ക്ക് നൽകിയ ദാനമാണ് ആ കനാലെന്നും എന്നിട്ടും അമേരിക്കയോട് ഇങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണെന്നുമായിരുന്നു കഴിഞ്ഞ മാസം ട്രംപ് കുറ്റപ്പെടുത്തിയത്.

പസഫിക് സമുദ്രത്തെയും അറ്റ്‍ലാന്‍റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന 82 കിലോമീറ്റർ നീളമുള്ള കനാലാണ് പാനമ കനാൽ. 1904നും 1914നും ഇടയിലാണ് കനാലിന്റെ നിർമാണം പൂർത്തിയാക്കിയത്. 1977 വരെ അമേരിക്കയ്ക്കായിരുന്നു നിയന്ത്രണം. പിന്നീട് അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ഒപ്പുവെച്ച കരാർ അനുസരിച്ച് 1999 ഡിസംബർ 31നാണ് കനാലിന്റെ നിയന്ത്രണം പാനമയുടെ കൈകളിലെത്തിയത്. കാറുകൾ, പ്രകൃതിവാതകം, മറ്റ് ചരക്കുകൾ, സൈനിക കപ്പലുകൾ എന്നിവ വഹിക്കുന്ന കണ്ടെയ്‌നർ കപ്പലുകൾ ഉൾപ്പെടെ പ്രതിവർഷം 14,000 കപ്പലുകൾ വരെ കനാൽ മുറിച്ചുകടക്കുന്നുണ്ട്.

Read also:  'മസ്കിന് താത്പര്യമുണ്ടെങ്കില്‍ ഞാനും ഓക്കെ'; ഇലോണ്‍ ടിക്ടോക് വാങ്ങുന്നതിനോട് എതിര്‍പ്പില്ലെന്ന് ട്രംപ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം