ആല്‍ബര്‍ട്ടാ: മുള കിട്ടാനില്ല ഭീമന്‍ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയച്ച് കാനഡ. കാനഡയിലെ ആല്‍ബര്‍ട്ടാ പ്രവിശ്യയിലുള്ള കാല്‍ഗറി മൃഗശാലയിലെ പ്രധാന ആകര്‍ഷണമായിരുന്ന രണ്ട് ഭീമന്‍ പാണ്ടകളെയാണ് ചൈനയിലേക്ക് മടക്കി അയച്ചത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന മുള ലഭ്യമല്ലാതെ വന്നതോടെയാണ് നടപടി. 

Image

കൊവിഡിൽ  വ്യോമഗതാഗതം നിലച്ചതോടെയാണ്  മുള കിട്ടതായത്. ചൈനയില്‍ നിന്ന് കാനഡയിലെ മൃഗശാല കടമായി വാങ്ങിയതായിരുന്നു ഈ ഭീമന്‍ പാണ്ടകളെ. 2018ലാണ് എര്‍ ഷുന്‍, ദാ മാവോ എന്നീ പാണ്ടകളെ കാല്‍ഗറി മൃഗശാലയിലെത്തിയത്. ടൊറന്‍റോ മൃഗശാലയില്‍ അഞ്ച് വര്‍ഷത്തെ വാസത്തിന് ശേഷമാണ് ഇവ ഇവിടെയെത്തിയത്. 2023വരെയായിരുന്നു കാല്‍ഗറി മൃഗശാലയ്ക്ക് ഇവയെ സംരക്ഷിക്കാനുള്ള ചുമതല. ചൈനയില്‍ നിന്നെത്തിക്കുന്ന മുളയാണ് ഇവയുടെ മുഖ്യ ഭക്ഷണം. ഇത് ഇവിടെയെത്തിക്കാന്‍ ഒരു മാസത്തോളം നീണ്ട പ്രയത്നം നടത്തിയിട്ടും സാധിക്കാതെ വന്നതോടെയാണ് ഇവയെ തിരികെ അയക്കാന്‍ തീരുമാനിച്ചതെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. 

Image

തീരുമാനം മൃഗങ്ങള്‍ക്ക് വേണ്ടിയാണ്. അവയെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ മറ്റെന്ത് ചെയ്യാന്‍ പറ്റുമെന്നും മൃഗശാല അധികൃതര്‍ ചോദിക്കുന്നു. സാധാരണ മുളകള്‍ ഇവ ഭക്ഷിക്കാന്‍ തയ്യാറല്ലെന്നും അധികൃതര്‍ പറയുന്നു. ഒരു പാണ്ട 40 കിലോ മുളയാണ് ഒരുദിവസം ഭക്ഷിക്കുന്നത്. മൃഗശാലയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഈ പാണ്ടകള്‍. എന്നാല്‍ ബിസിനസല്ല പാണ്ടകളുടെ ജീവനാണ് മുഖ്യമെന്നും മൃഗശാല അധികൃതര്‍ വിശദമാക്കുന്നു.