പാരിസ്: പാരിസില്‍ ഇന്നുമുതല്‍ ബാറുകള്‍ തുറക്കില്ല. പ്രധാനമന്ത്രി പുറത്തിറക്കിയ  കൊവിഡ് മാനദണ്ഡപ്രകാരം ഇന്നുമുതല്‍ രണ്ടാഴ്ചത്തേക്കാണ് ബാറുകള്‍ അടച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ യുവാക്കള്‍ക്കിടയില്‍ കൊവിഡ് രോഗം പിടിപെടുന്നത് കൂടിയതോടെയാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് റെസ്റ്റോറന്റുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. 20 മുതല്‍ 30 വയസ്സുവരെ പ്രായമുള്ളവരില്‍ രോഗം വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ചത്. ഇതിനുപുറമെ രണ്ടാംഘട്ട കൊവിഡ് വ്യാപനം യൂറോപ്പില്‍ ആരംഭിച്ചതും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കാരണമായി. 

സിനിമാ നാടക തിയേറ്ററുകളും മ്യൂസിയവും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ഫിറ്റ്‌നസ് ക്ലബ്ബുകളും സ്‌പോര്‍ട്‌സ് ക്ലബ്ബുകളും അടഞ്ഞുകിടക്കും. മുതിര്‍ന്നവര്‍ക്ക് സ്വിംമ്മിംഗ് പൂളുകള്‍ തുറന്നുനല്‍കില്ല, എന്നാല്‍ കുട്ടികള്‍ക്ക് നല്‍കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. 

വൈറസ് വളരെ പെട്ടന്നാണ് വ്യാപിക്കുന്നതെന്നും ഇത് സാവധാനത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടികളെന്നും പാരിസ് പൊലീസ് വയക്തമാക്കി. കൊവിഡ് വ്യാപിക്കന്നതിന്റെ നിരക്ക് കൂടുന്ന സാഹചര്യത്തില്‍ പാരിസില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിനുപിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്.