വിമാനത്തിൽ കയറിയിരുന്ന് യാത്രയ്ക്ക് തയ്യാറായി ജീവനക്കാര്‍ സുരക്ഷാ കാര്യങ്ങള്‍ വിശദീകരിച്ചു തരുന്നതിനിടെയാണ് ജനലിലൂടെ പുറത്തേക്ക് നോക്കിയ യാത്രക്കാരന്‍ ആ കാഴ്ച കണ്ടത്.
മാഞ്ചസ്റ്റര്‍: അത്യന്തം നാടകീയമായ സംഭവങ്ങളായിരുന്നു മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിൽ ഏതാനും ദിവസം മുമ്പ് സംഭവിച്ചത്. പറന്നുയരാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ ചിറകുകളില്‍ ഏതാനും ബോള്‍ട്ടുകള്‍ ഇളകിപ്പോയിട്ടുണ്ടെന്ന് വിമാനത്തിനുള്ളിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരന്‍ അറിയിച്ചതിന് പിന്നാലെ സര്‍വീസ് റദ്ദാക്കി. മാഞ്ചസ്റ്ററില്‍ നിന്ന് ന്യുയോര്‍ക്കിലേക്ക് പറക്കേണ്ടിയിരുന്ന വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സിന്റെ VS 127 എന്ന വിമാനമാണ് ജനുവരി 15ന് സര്‍വീസ് റദ്ദാക്കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
41 വയസുകാരനായ ഒരു ബ്രിട്ടീഷ് പൗരനായിരുന്നത്രെ ബോള്‍ട്ട് ഇളകിപ്പോയ കാര്യം ചൂണ്ടിക്കാട്ടിയത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷാ കാര്യങ്ങൾ വിശദീകരിച്ചു നല്‍കുന്നതിനിടെയായിരുന്നു ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം ജീവനക്കാരെ അറിയിച്ചു. അവര്‍ എഞ്ചിനീയറിങ് വിഭാഗത്തിന് വിവരം കൈമാറുകയും അവരെത്തി പരിശോധന നടത്തുകയും ചെയ്തു. തനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ അടുത്തിരുന്ന തന്റെ ഭാര്യയോട് വിവരം പറഞ്ഞതോടെ അവര്‍ പരിഭ്രാന്തയായെന്നും, ബോള്‍ട്ടില്ലെന്ന് കണ്ടെത്തിയ യാത്രക്കാരന്‍ ഫിൽ ഹാർഡി പറഞ്ഞു. സമാധാനമായിട്ടിരിക്കാന്‍ പറഞ്ഞെങ്കിലും അവൾ കേട്ടില്ല. ഒടുവിൽ സുരക്ഷ ഉറപ്പാക്കുന്നതാണ് നല്ലതെന്ന് കരുതി ജീവനക്കാരോട് വിവരം പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിന്റെ സുരക്ഷാ ഉറപ്പുവരുത്താനുള്ള അധിക പരിശോധനകള്‍ക്കു വേണ്ടി ആ സര്‍വീസ് പൂര്‍ണമായി റദ്ദാക്കുകയായിരുന്നു എന്ന് വിര്‍ജിൻ അറ്റ്‍ലാന്റിക് വക്താവ് പറഞ്ഞു. പരമാവധി സമയമെടുത്ത് പരിശോധനകള്‍ നടത്താനായിരുന്നു സര്‍വീസ് റദ്ദാക്കിയത്. വിങ് പാനലിലെ 119 ഫാസ്റ്റനറുകളിൽ നാലെണ്ണം നഷ്ടമായിരുന്നതായി പരിശോധനയിൽ കണ്ടെത്തി. എന്നാല്‍ ഇത് ഒരു സുരക്ഷാ ഭീഷണിയായിരുന്നില്ലെന്ന് വിര്‍ജിൻ അറ്റ്‍ലാന്റിക് വിമാന കമ്പനിയും നിര്‍മാതാക്കളായ എയര്‍ബസ് കമ്പനിയും അറിയിച്ചു.
എയര്‍ബസ് എ330 വിമാനത്തിന്റെ ഓരോ വിങ് പാനലിലും 119 ഫാസ്റ്റ്നറുകളാണ് ഉള്ളത്. ഇവയിൽ നാലെണ്ണം മാത്രം നഷ്ടപ്പെട്ടിരുന്നു. ഇത് വിമാനത്തിന്റെ ഘടനാപരമായ കെട്ടുറപ്പിനെയോ ഭാരം വഹിക്കാനുള്ള ശേഷിയെയോ ബാധിക്കില്ല. വിമാനം സര്‍വീസ് നടത്താന്‍ പൂര്‍ണ സുരക്ഷിതമായിരുന്നു എന്നും എയര്‍ബസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് ഏറ്റവും വലുതെന്നും അതില്‍ ഒരു സ്ഥലത്തും വിട്ടുവീഴ്ച ചെയ്യില്ലെന്നും വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍സ് അറിയിച്ചു. ഇക്കാര്യത്തിൽ വ്യോമയാന മേഖലയില്‍ നിലനില്‍ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളെക്കാൾ കൂടുതല്‍ ജാഗ്രതയാണ് തങ്ങള്‍ പുലര്‍ത്തുന്നതെന്നും ഈ വിമാനം വീണ്ടും സര്‍വീസിന് സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
