പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അതിർത്തിയിൽ കനത്ത വെടിവെപ്പ് റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുകയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുകയുമാണ്. 

ഇസ്ലാമാബാദ്: സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിർത്തിയിൽ കനത്ത വെടിവെപ്പ് നടത്തിയതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അറിയിച്ചു. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക് ജില്ലയിൽ പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയതായി അഫ്ഗാൻ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ചാമൻ അതിർത്തിയിൽ അഫ്ഗാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തതായി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് ആരോപിച്ചു. പാകിസ്ഥാൻ രാജ്യത്തിന്റെ സമഗ്രതയും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ പൂർണ്ണമായും ജാഗ്രത പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും വക്താവ് മൊഷറഫ് സെയ്ദി പ്രസ്താവനയിൽ പറഞ്ഞു. 

നേരത്തെ സൗദിയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും ചർച്ച നടത്തിയിരുന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ഖത്തർ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിച്ച ചർച്ചകളിൽ പൂർണമായി സമാധാനം കൈവരിക്കാൻ സാധിച്ചില്ല. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചക്ക് തയാറാകാത്തതോടെയാണ് ചർച്ച വഴിമുട്ടിയത്. അഫ്ഗാൻ ആസ്ഥാനമായുള്ള തീവ്രവാദികൾ പാകിസ്ഥാനിൽ അടുത്തിടെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. എന്നാൽ പാക് ആരോപണം അഫ്​ഗാൻ അം​ഗീകരിക്കുന്നില്ല. പാകിസ്ഥാനിലെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അഫ്​ഗാന് കഴിയില്ലെന്നാണ് അഫ്​ഗാന്റെ വാദം.