അട്ടാരി-വാഗാ അതിർത്തി വഴിയാണ് ബാദൽ പാകിസ്ഥാനിലേക്ക് കടന്നതെന്നും പാകിസ്ഥാൻ പഞ്ചാബിലെ മാണ്ഡി ബഹാവുദ്ദീൻ ജില്ലയിലെ ബിലാവൽ കോളനിയിലുള്ള സനയുടെ വീടിന് സമീപം ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു

ലക്നൗ: പ്രണയിനിയെ വിവാഹം കഴിക്കാനായി അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്ന ഇന്ത്യക്കാരനായ യുവാവ് ജയിലിൽ. ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നുള്ള ബാദൽ ബാബുവാണ് പ്രണയവും ജീവിതവും നഷ്ടമായി പാകിസ്ഥാനിലെ ജയിലിൽ കഴിയുന്നത്. സോഷ്യൽ മീഡിയയിലൂടെ രണ്ട് വര്‍ഷം മുമ്പ പരിചയപ്പെട്ട പാകിസ്ഥാൻ പൗരയായ സന റാണിക്കായാണ് ബാദൽ അനധികൃതമായി അതിര്‍ത്തി കടന്നത്.

ഓൺലൈൻ വഴി ഇരുവരുടെയും ബന്ധം കൂടുതൽ ആഴത്തിലായതോടെ കനത്ത സുരക്ഷയുള്ള അതിർത്തിയിലൂടെ ഒരു അപകടകരമായ യാത്ര നടത്താനും ഇസ്‌ലാം മതം സ്വീകരിക്കാനും റെഹാൻ എന്ന പേര് സ്വീകരിക്കാനും ബാദൽ തയാറായി. എന്നാല്‍, ബാദലിന്‍റെ വിവാഹാഭ്യര്‍ത്ഥന സന നിരസിക്കുകയായിരുന്നു. ഇതോടെ നിയമപരമായ കുരുക്കിൽപ്പെട്ടിരിക്കുകയാണ് യുവാവ്. 

മതപരിവർത്തനം നടത്തിയതിനാല്‍ തിരികെ ഇന്ത്യയിലേക്ക് മടങ്ങാൻ ബാദലിന് ഭയമാണെന്നാണ് പാകിസ്ഥാനിലെ യുവാവിന്‍റെ അഭിഭാഷകൻ ഫയാസ് റാമയ് പറയുന്നത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഫയാസ് കേസ് ഏറ്റെടുത്തത്. ബാദലിന്‍റെ പിതാവ് അലിഗഡിലെ നഗ്ല ഖിത്കാരിയിലെ കിർപാൽ സിങ്ങിൽ നിന്ന് പവർ ഓഫ് അറ്റോണിയും സ്വീകരിച്ചിട്ടുണ്ട്.

അട്ടാരി-വാഗാ അതിർത്തി വഴിയാണ് ബാദൽ പാകിസ്ഥാനിലേക്ക് കടന്നതെന്നും പാകിസ്ഥാൻ പഞ്ചാബിലെ മാണ്ഡി ബഹാവുദ്ദീൻ ജില്ലയിലെ ബിലാവൽ കോളനിയിലുള്ള സനയുടെ വീടിന് സമീപം ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. കുടുംബ ബന്ധങ്ങളൊന്നുമില്ലാത്ത കറാച്ചിയിൽ നിന്നുള്ളയാളാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് ഇവിടെ താമസിച്ചിരുന്നത്. 

യുവാവ് ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെന്നും പിന്നീട് തന്‍റെ പ്രണയത്തെ കുറിച്ച് പറയുകയായിരുന്നുവെന്നും ബാദലിന് തൊഴിൽ നൽകിയ ഹാസി ഖാൻ അസ്ഗർ പറഞ്ഞു. സനയും അമ്മയും ആദ്യം ബാദലിനെ മാണ്ഡി ബഹാവുദ്ദീനിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് അസ്ഗർ മനസിലാക്കി. എന്നാല്‍, യുവാവിന്‍റെ സാഹചര്യങ്ങള്‍ മനസിലാക്കിയതോടെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് സന അറിയിക്കുകയായിരുന്നു. 

അടുത്തിടെ നടന്ന ഒരു കോടതി ഹിയറിംഗിൽ, അലിഗഡിലെ മാതാപിതാക്കളുമായി ബാദലിന് വീഡിയോ കോൾ ചെയ്യാൻ അവസരം കൊടുത്തിരുന്നു. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും യുവാവിന്‍റെ സാഹചര്യം വിശദീകരിക്കാനാണ് ശ്രമമെന്നും അഭിഭാഷകൻ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 21നാണ് ഇനി കേസ് പരിഗണിക്കുക.

സ്വകാര്യ വ്യക്തിയുടെ പറമ്പ്, നാട്ടുകാരറിഞ്ഞത് കമ്പനി വാഹനങ്ങളെത്തി കുഴിയെടുത്തപ്പോൾ; ടവറിനെതിരെ പ്രതിഷേധം

'റെയിൽവേയിൽ ജോലി കിട്ടിയതോടെ ഭാര്യ ഇട്ടിട്ട് പോയി'; ജോലി ഒപ്പിച്ചതിൽ യുവാവിന്‍റെ വെളിപ്പെടുത്തൽ, സസ്പെൻഷൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം