ഇസ്ളാമാബാദ്: പാകിസ്താന്‍ തീവ്രവാദികള്‍ക്ക് പരിശീലനവും പിന്തുണയും നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. കശ്മീരിലെ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് പാകിസ്താനിലാണെന്നും ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ അവരെ പ്രാപ്തമാക്കുകയാണ് ചെയ്യുന്നതെന്നും ഒരു അഭിമുഖത്തില്‍ മുഷാറഫ് പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഒസാമാ ബിന്‍ ലാദന്‍, അയ്മാന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി എന്നീ ആഗോള ഭീകരന്മാര്‍ പാകിസ്ഥാനില്‍ ഹീറോകള്‍ എന്നാണ് മുഷാറഫ് വീഡിയോയില്‍ പറയുന്നത്.  പഴക്കമുള്ള അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ ബുധനാഴ്ച പുറത്തുവിട്ടത് പാക് രാഷ്ട്രീയക്കാരന്‍ ഫര്‍ഹാത്തുള്ള ബാബറായിരുന്നു.

''പാകിസ്താനിലേക്ക് വരുന്ന കശ്മീരികള്‍ക്ക് വീര പരിവേഷം നല്‍കിയാണ് സ്വീകരിക്കപ്പെടുന്നത്. ഞങ്ങള്‍ അവര്‍ക്ക് പതിവായി പരിശീലനവും പിന്തുണയും നല്‍കുന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരേ പോരാടുന്നവരെ ഞങ്ങള്‍ മുജാഹിദ്ദീനുകളായിട്ടാണ് കാണുന്നത്. ഈ കാലഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലഷ്‌ക്കര്‍ ഇ തയ്ബ അടക്കമുള്ള സംഘടനകള്‍ ഞങ്ങളുടെ ഹീറോകളാണ്.'' ഈ അഭിമുഖത്തില്‍ ബിന്‍ ലാദനെയും ജലാലുദ്ദീനെയും പാകിസ്താന്‍ വീരന്മാര്‍ എന്നാണ് മുഷാറഫ് പരാമര്‍ശിക്കുന്നത്.

'പാകിസ്താന് ഗുണകരമാകാന്‍ വേണ്ടി സോവ്യറ്റ് യൂണിയനെ പുറത്താക്കാന്‍ അഫ്ഗാനിസ്ഥാനില്‍ മതപോരാളികളെ 1979 ല്‍ അവതരിപ്പിച്ചത് ഞങ്ങളായിരുന്നു. ലോകത്തുടനീളമുള്ള പ്രദേശങ്ങളില്‍ നിന്നും ഞങ്ങള്‍ മുജാഹിദ്ദീനുകളെ കൊണ്ടു വരികയും ആയുധവും സൗകര്യങ്ങളും നല്‍കി പരിശീലിപ്പിക്കുകയും ചെയ്തു. താലിബാന് പരിശീലനം നല്‍കി അയച്ചത് ഞങ്ങളാണ്. 

ഒസാമാ ഞങ്ങളുടെ വീരനാണ്. അയ്മാന്‍ അല്‍ സവാഹിരിയും ഞങ്ങളുടെ ഹീറോയാണ്. എന്നാല്‍ ആഗോള സാഹചര്യങ്ങള്‍ മാറി മറിയുകയും ലോകം കാര്യങ്ങളെ വേറൊരു രീതിയില്‍ കാണാന്‍ തുടങ്ങുകയും ചെയ്തതോടെ ഞങ്ങളുടെ ഹീറോകള്‍ വില്ലന്മാരായി.'' 

ഭീകരവാദത്തിന് പിന്നില്‍ പാകിസ്താനാണെന്നതിന് ഇതിനേക്കാള്‍ തെളിവുകള്‍ ആവശ്യമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്ന വീഡിയോ സംബന്ധിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉയരുന്ന അഭിപ്രായം.