അല്‍മാറ്റി: കസാഖിസ്ഥാനില്‍ 100 പേരുമായി പുറപ്പെട്ട യാത്രാവിമാനം തകര്‍ന്ന് പതിനാല് പേര്‍ മരിച്ചു. പതിനാല് പേരില്‍ ആറുപേര്‍ കുട്ടികളാണ്. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 95 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടേക്ക് ഓഫിന് ശേഷം ഇരുനില കെട്ടിടത്തില്‍ വിമാനം ഇടിക്കുകയായിരുന്നു. സംഭവ സമയത്തുതന്നെ ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 

അതേസമയം, നിയന്ത്രണം നഷ്ടപ്പെട്ട വിമാനം കെട്ടിടത്തിലേക്ക് വീഴുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ അധികൃതര്‍ നിയോഗിച്ചു. ബെക്ക് എയര്‍ എയര്‍ലൈനിന്‍റെ ഫോക്കര്‍-100 വിമാനമാണ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് ഫോക്കര്‍-100 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചു. അപകട ശേഷമുള്ള ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.