അറ്റ്‍ലാന്‍റ: മരണം തൊട്ടുമുന്നില്‍ കണ്ടതിന്‍റെ ഞെട്ടല്‍ മാറാതെ ഡെല്‍റ്റ വിമാനത്തിലെ യാത്രികര്‍. ജൂലൈ 8ന് അറ്റ്‍ലാന്‍റയില്‍ നിന്ന് ബാള്‍ട്ടിമോറയിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ യാത്രക്കാരാണ് മരണത്തെ മുഖാമുഖം കണ്ടത്. വിമാനത്തിന്‍റെ എഞ്ചിന് തകരാര്‍ സംഭവിച്ചതോടെ എഞ്ചിനോട് ചേര്‍ന്നുള്ള ലോഹ ഭാഗം ഓറഞ്ച് നിറത്തിലായി. ആകാശമധ്യത്തില്‍ ആരും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ച കണ്‍മുന്നില്‍ തെളിഞ്ഞതോടെ യാത്രക്കാര്‍ മരണം മുന്നില്‍ കണ്ടു.

ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങളില്‍ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് എഞ്ചിന്റെ ഭാഗത്ത് ഒരു ഓറഞ്ച് വളയമാണ്.  അവസാന യാത്രയിലാണ് തങ്ങളെന്ന ഭീതിയില്‍ മരണം തൊട്ടുമുന്നില്‍ കണ്ട്  148 യാത്രക്കാര്‍ ഡെല്‍റ്റ വിമാനത്തിനുള്ളിലിരുന്നു.അറ്റ്‍ലാന്‍റയില്‍ നിന്ന് ബാള്‍ട്ടിമോറയിലേക്ക് പോകുകയായിരുന്നു വിമാനം. 'ഒരു വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ കാബിനില്‍ നിന്ന് പുകയുയരുന്നതാണ് കണ്ടത്. അതോടെ എല്ലാവരും ഭയന്നു. പുക ഉയരുന്നത് പിന്നെ മന്ദഗതിയിലാകാന്‍ തുടങ്ങി''യെന്നും യാത്രികരിലൊരാള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു..

ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടിരുന്നുവെന്ന് അറിഞ്ഞിട്ടും ഞാന്‍ ഫോൺ എടുത്ത് അച്ഛനും അമ്മയ്ക്കും സന്ദേശമായച്ചു; 'എനിക്ക് നിങ്ങളെ ഇഷ്ടമാണ്' എന്ന് - മറ്റൊരു യാത്രികന്‍ പറഞ്ഞു. എഞ്ചിനുകളില്‍ ഒന്ന് തകരാറിലായതോടെയാണ് വിമാനത്തില്‍ എഞ്ചിന്‍റെ ഭാഗത്ത് ഓറഞ്ച് വളയം പ്രത്യക്ഷപ്പെട്ടത്. . എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം നോര്‍ത്ത് കരോളിനിലെ റലേയ്ഘില്‍ ഇറക്കി. പിന്നീട് വിമാനം തിരിച്ചിറക്കിയെന്നും സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവച്ചെന്നും ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. 

വിമാനം തകരാറിലായതോടെ റെലേയ്ഘില്‍ ഇറങ്ങേണ്ടി വന്ന യാത്രക്കാര്‍ക്ക് ഭക്ഷണത്തിനായി വിമാന കമ്പനി 30 ഡോളര്‍ നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകരാറുകള്‍ പരിഹരിച്ച് വിമാനം ബുധനാഴ്ച സര്‍വ്വീസ് പുനരാരംഭിച്ചതായും കമ്പനി അറിയിച്ചു.