റൺവേയ്ക്ക് തൊട്ടുമുകളിൽ ഏകദേശം 200 മുതൽ 250 അടി വരെ ഉയരത്തിൽ വിമാനം പറക്കുമ്പോഴാണ് ഈ സംഭവം നടന്നത്.
ചിക്കാഗോ: ലാൻഡിംഗിന് ശ്രമിക്കുന്നതിടെ വിമാനത്തിലിടിച്ച് പടക്കങ്ങൾ. അമേരിക്കയിലെ ചിക്കാഗോയിലാണ് സംഭവം. ജൂലൈ നാലിന് അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ യാത്രക്കാരുമായി ലാൻഡിംഗിന് ശ്രമിച്ച ഡെൽറ്റ വിമാനത്തിലാണ് പടക്കം ഇടിച്ചത്. ചിക്കാഗോയിലെ മിഡ്‌വേ ഇന്റർനാഷണൽ വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് വായുവിൽ ഉയർന്ന പടക്കം വിമാനത്തിൽ തട്ടി പൊട്ടിയത്. അറ്റ്‌ലാന്റയിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനത്തിൽ 52 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡെൽറ്റ ഫ്ലൈറ്റ് 1076 എന്ന എയർബസ് എ319 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം ലാൻഡ് ചെയ്യുന്നതിനായി താഴേക്ക് ഇറങ്ങുന്ന സമയത്ത് അതിശക്തമായ ഒരു ശബ്ദം കേട്ടതായി വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളർക്ക് അറിയിപ്പ് നൽകി. റൺവേയ്ക്ക് തൊട്ടുമുകളിൽ ഏകദേശം 200 മുതൽ 250 അടി വരെ ഉയരത്തിൽ വിമാനം പറക്കുമ്പോഴാണ് ഈ സംഭവം നടന്നത്. വിമാനത്തിന്റെ അടിഭാഗത്ത് വെടിക്കെട്ടിനായി ഉപയോഗിക്കുന്ന പോലെയുള്ള വസ്തു പൊട്ടിത്തെറിച്ചതാകാമെന്നും വലിയൊരു ശബ്ദം വിമാനത്തിനുള്ളിൽ അനുഭവപ്പെട്ടതായും പൈലറ്റ് വ്യക്തമാക്കിയത്. സമാനമായ പടക്കങ്ങൾ വിമാനങ്ങൾക്ക് ഭീഷണിയായ പരാതി മുൻപും ലഭിച്ചിരുന്നുവെന്നായിരുന്നു പൈലറ്റിനോട് എയർ ട്രാഫിക് കൺട്രോളർ മറുപടി നൽകിയത്.
ജനവാസ മേഖലകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ വൻതോതിൽ പടക്കങ്ങൾ പൊട്ടിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തുടർന്ന് വരുന്ന വിമാനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്നും ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിരുന്നു.രാത്രി 8:30ഓടെ വിമാനം സുരക്ഷിതമായി എയർപോർട്ടിൽ ഇറക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന ആർക്കും തന്നെ പരിക്കുകൾ ഒന്നും പറ്റിയിട്ടില്ലെന്ന് ഡെൽറ്റ എയർലൈൻസ് അധികൃതർ വിശദമാക്കുന്നത്. പരിശോധനയിൽ വിമാനത്തിന്റെ പെയിന്റിന് നേരിയ കേടുപാടുകൾ സംഭവിച്ചതായി വ്യക്തമായിട്ടുണ്ട്. വിമാനത്തിന് വലിയ രീതിയിലുള്ള മറ്റ് തകരാറുകളില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമാക്കിയിട്ടുണ്ട്.


