ചെന്നൈ: കൊറോണ വൈറസ്  പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ വുഹാനിലും ഹുബേയിലും കടുത്ത നിയന്ത്രണങ്ങളാണ് യാത്രകൾക്കുൾപ്പെടെ ഏ‍ർപ്പെടുത്തിയിരിക്കുന്നത്. മുൻകരുതൽ ഗുരുതരരോഗങ്ങൾക്കുൾപ്പെടെ ചികിത്സ തേടുന്നവരേയും ദുരിതത്തിലാക്കിയിട്ടുണ്ട്. നിഷേധിക്കപ്പെട്ട യാത്രാനുമതിയെ കണ്ണീരിന്റെ ബലത്തിൽ മറികടന്നിരിക്കുകയാണ് ഒരു അമ്മയും മകളും.

അമ്പതുകാരിയായ ല്യൂ യുജീൻ കരഞ്ഞുകൊണ്ട് പറയുന്നത് ഇത്രമാത്രം. 'എന്നെ വിടണ്ട. എന്റെ മകളെ കടത്തി വിടൂ. അവൾക്ക് ചികിത്സ നൽകൂ'.
ല്യൂവിന്റെ മകൾ ഇരുപത്തിയാറുകാരിയായ ഹ്യൂ പിംഗിന് കാൻസറാണ്. ഹുബേക്ക് സമീപം ജിയുജിയാംഗ് യാംഗ്സേ നദിക്ക് അക്കരെയാണ് അവരുടെ താമസം. ചികിത്സയുടെ ഭാഗമായി അവൾക്ക് രണ്ടാമത്തെ കീമോതെറാപ്പിക്കായി പോകാനെത്തിയതായിരുന്നു ഇരുവരും. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തുള്ള പൊലീസ് കടത്തിവിടാൻ തയ്യാറല്ല. അവരോട് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കരഞ്ഞുപറയുകയാണ് ഈ അമ്മ.

"

എന്തായാലും വാർത്താ ഏജൻസിയുടെ ക്യാമറയിൽ ല്യൂവും ഹ്യൂവും പതിഞ്ഞത് ഇരുവർക്കും തുണയായി. കടുംപിടുത്തവുമായി നിന്ന സുരക്ഷാ ഉദ്യോഗസ്ഥർ അയയുകയും ഇരുവർക്കും പോകാൻ ആംബുലൻസ് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ മറ്റ് പലരുടേയും അവസ്ഥ ഇതല്ല. ഹുബേയുടെ ചുറ്റുവട്ടത്ത് താമസിക്കുന്ന എല്ലാവരും ഇതുപോലെ കടുത്ത നിയന്ത്രണങ്ങളാൾ വീർപ്പുമുട്ടുകയാണ്. ഭക്ഷണം, ചികിത്സ, വെള്ളം, സഞ്ചാര സ്വാതന്ത്യം അങ്ങിനെ പലതും ഇവർക്കെല്ലാം നിഷേധിക്കപ്പെടുന്നു.