ഹോര്‍മുസ് കടലിടുക്കില്‍ നിന്നും തെക്കോട്ട് ഗള്‍ഫ് ഓഫ് ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പലിന്റെ ഇടതുഭാഗത്ത് പ്രൊജക്‌റ്റൈല്‍ വന്ന് പതിച്ചത്.
മസ്‌കറ്റ്: ഒമാന്‍ തീരത്തിന് സമീപം ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയ ഇന്ധന ടാങ്കര്‍ കപ്പലിന് നേരെ ആക്രമണം. മിസൈല്‍ പോലുള്ള ആയുധം പതിച്ചതിനെത്തുടര്‍ന്ന് കപ്പലിന് തീപിടിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന്റെ കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒമാനിലെ ലിമയ്ക്ക് സമീപമാണ് സംഭവം. ഹോര്‍മുസ് കടലിടുക്കില്‍ നിന്നും തെക്കോട്ട് ഗള്‍ഫ് ഓഫ് ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പലിന്റെ ഇടതുഭാഗത്ത് പ്രൊജക്‌റ്റൈല്‍ വന്ന് പതിച്ചത്. ആക്രമണത്തില്‍ കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമോ പരിസ്ഥിതി മലിനീകരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് ദ്രവീകൃത പ്രകൃതിവാതകം (LNG) വഹിച്ചുകൊണ്ടുള്ള ടാങ്കറിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ വ്യക്തമാക്കിയെങ്കിലും, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ നേരിട്ട് ഏറ്റെടുത്തിട്ടില്ല. എന്നാല്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സൈന്യം രണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. മറ്റൊരു കപ്പലിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇറാന്‍ സൈന്യം മൈനുകള്‍ നീക്കം ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് കപ്പല്‍ പ്രവേശിച്ചതാകാം ആക്രമണത്തിന് കാരണമായതെന്ന് ടെഹ്‌റാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തങ്ങള്‍ അനുമതി നല്‍കിയ പാതയിലൂടെയല്ലാതെ ഒമാന്‍ തീരത്തോട് ചേര്‍ന്ന് പോകുന്ന കപ്പലുകള്‍ സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍ നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ആരംഭിച്ച യു.എസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തെ തടുര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം കനത്ത പ്രതിസന്ധി നേരിടുകയാണ്.


