ക്ഷണം ലഭിച്ചതിൽ സന്തോഷമെന്ന് മോദി എക്സിൽ കുറിച്ചു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. ഇതിനിടെയാണ് കാനഡയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ക്ഷണിച്ചതിൽ സന്തോഷമെന്നും മോദി എക്സിൽ കുറിച്ചു. മാര്‍ക്ക് കാര്‍ണി തന്നെ വിളിച്ചിരുന്നുവെന്നും ഇന്ത്യയും കാനഡയും തമ്മിൽ ഊഷ്മളമായ ബന്ധം തുടരുമെന്നും മോദി എക്സിൽ കുറിച്ചു. പരസ്പര ബഹുമാനത്വത്തോടെ ഇന്ത്യയും കാനഡയും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി കുറിച്ചു.
കഴിഞ്ഞ ആറു വര്‍ഷവും പ്രധാനമന്ത്രി മോദിക്ക് ജി 7 ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ കാനഡയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് കാനഡ ക്ഷണിക്കുമോയെന്ന സംശയം ഉയര്‍ന്നിരുന്നു. ഇന്ത്യയും കാനഡയിലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു ചര്‍ച്ചയുണ്ടായത്.


