Asianet News MalayalamAsianet News Malayalam

ചരിത്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനിൽ; സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തും

നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോഴാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദര്‍ശിക്കുന്നത്

PM Narendra Modi leaves for historic visit to Ukraine
Author
First Published Aug 23, 2024, 7:53 AM IST | Last Updated Aug 23, 2024, 7:52 AM IST

കീവ്: ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയാണ് യുക്രൈനിലേക്ക് ട്രെയിൻ മാർഗ്ഗം തിരിച്ചത്. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോവിൽ നിന്നാണ് മോദി യാത്ര തുടങ്ങിയത്. യുക്രൈൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായി മോദി കൂടിക്കാഴ്ച നടത്തും. 

റഷ്യ -  യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ പോളണ്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യ - റഷ്യ ബന്ധം യുക്രൈനിൽ കടുത്ത അത‍ൃപ്തിക്ക് ഇടയാക്കിയിരിക്കുമ്പോഴാണ് മോദിയുടെ യാത്ര. യുക്രൈനിലെ നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് നരേന്ദ്ര മോദി കീവിൽ എത്തുന്നത്.

നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോഴാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദര്‍ശിക്കുന്നത്. റഷ്യ - യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറും. ഈ സന്ദർശനം ഇരു രാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടർച്ചയായി വർത്തിക്കുമെന്നും വരും വർഷങ്ങളിൽ കൂടുതൽ ശക്തവും ഊർജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാൻ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി നേരത്തെ പറഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പോളണ്ടിൻറെ തലസ്ഥാനമായ വാഴ്സോയിലെ സൈനിക വിമാനത്താവളത്തിൽ നരേന്ദ്ര മോദി എത്തിയത്. പോളിഷ് സേന ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പോളണ്ടിലെ മലയാളിയായ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്കടക്കമുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാർത്ഥികളെ സ്വീകരിച്ച ഇന്ത്യൻ രാജാക്കൻമാർക്ക് പോളണ്ടിലുള്ള സ്മാരകങ്ങളിൽ നരേന്ദ്ര മോദി പുഷ്പാർച്ചനയും നടത്തിയിരുന്നു. 45 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്.

'റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ പിന്തുണയും നൽകും'; ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് മോദി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios