ഗ്രീൻലാൻഡ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന ഡോണാൾഡ് ട്രംപ്, ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ യൂണിയനോട് ഈ ആവശ്യം ശക്തമായി ഉന്നയിക്കാൻ ഒരുങ്ങുന്നു. അമേരിക്കയുടെ ഈ നീക്കത്തെ യൂറോപ്പ് എങ്ങനെ പ്രതികരിക്കും

ന്യൂയോർക്ക്: ഗ്രീൻലാൻഡ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ രണ്ടും കൽപ്പിച്ചുള്ള നീക്കമുണ്ടാകുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. യൂറോപ്യൻ യൂണിയൻ നേതാക്കളോട് ആവശ്യം ആവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. അമേരിക്കയുടെയും, ലോകത്തിന്‍റെയും സുരക്ഷക്ക് ഗ്രീൻലാൻഡിന്‍റെ നിയന്ത്രണം അത്യാവശ്യമെന്ന് വാദമാണ് ട്രംപ് മുന്നോട്ട് വയ്ക്കുക. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ തനിക്കൊപ്പം നിൽക്കണമെന്ന ആവശ്യവും ട്രംപ് മുന്നോട്ട് വയ്ക്കും.

'ട്രംപിന്‍റെ താരിഫ് പ്രഖ്യാപനം അബദ്ധം'

അതിനിടെ താരിഫ് പ്രഖ്യാപനത്തെ വിമർശിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കൾ രംഗത്തെത്തി. ട്രംപിന്‍റെ താരിഫ് പ്രഖ്യാപനം അബദ്ധമെന്നാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ പ്രതികരിച്ചത്. ഗ്രീൻലാൻഡിനെച്ചൊല്ലിയുള്ള തർക്കത്തിൽ യൂറോപ്പിനെ സമ്മർദത്തിലാക്കാൻ നോക്കുകയാണ് അമേരിക്ക. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യു കെ, നെതർലാൻഡ്‌സ്, ഫിൻലാൻഡ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും പത്ത് ശതമാനം അധിക തീരുവ ചുമത്തി. ഇതിന് പിന്നാലെ അമേരിക്കയുമായി ഇക്കഴിഞ്ഞ ജൂലൈയിൽ ഒപ്പുവെച്ച അറ്റ്ലാന്‍റിക് സമുദ്രത്തിലെ വ്യാപാര കരാർ യൂറോപ്യൻ പാർലമെന്‍റ് നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനം അബദ്ധമെന്നും പ്രതികരിച്ചത്

സൈനികരെ ഗ്രീൻലാൻഡിലേക്ക് അയച്ച് യൂറോപ്യൻ രാജ്യങ്ങൾ

അതേസമയം ഗ്രീൻലാൻഡ് വേണമെന്ന ആവശ്യം അമേരിക്ക ഉന്നയിച്ച ആദ്യഘട്ടത്തിൽ തന്നെ ഡോണാൾഡ് ട്രംപിൻ്റെ നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ യൂറോപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ആദ്യപടിയെന്നോണം ഗ്രീൻലാൻഡിലേക്ക് സൈനികരെ അയക്കുകയാണ് യൂറോപ്പ്. ഗ്രീൻലാൻഡിന് മുകളിൽ ഡെൻമാർക്കിനുള്ള നിലവിലെ നിയന്ത്രണത്തിനാണ് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ. ഇതിൻ്റെ ഭാഗമായി യു കെ, നെതർലൻഡ്, ഫിൻലൻഡ്, സ്വീഡൻ രാജ്യങ്ങളിൽ നിന്നായി സൈനികർ ഗ്രീൻലാൻഡിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തത്കാലത്തേക്ക് മേഖലയിൽ നിരീക്ഷണം നടത്തുക മാത്രമാണ് ഇവിടേക്ക് അയച്ച ജീവനക്കാർക്ക് നൽകിയിരിക്കുന്ന ചുമതല. യു കെ, ജർമ്മനി, സ്വീഡൻ, നോർവേ, ഫിൻലാൻഡ്, നെതർലാൻഡ്‌സ് രാജ്യങ്ങൾ ഈ നീക്കത്തിൻ്റെ ഭാഗമാണ്. സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ഗ്രീൻലാൻഡിന് മേലെ അമേരിക്ക അവകാശവാദം ഉന്നയിച്ചത്. ഈ മേഖലയിൽ റഷ്യൻ - ചൈനീസ് കപ്പലുകൾ വർധിച്ചെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാലിത് പച്ചക്കള്ളമെന്നായിരുന്നു ഡെന്മാർക്കിൻ്റെ മറുപടി.