പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നാടുവിട്ട മകന്‍ സുലൈമാൻ ഷെഹ്ബാസ് നാല് വർഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി.
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നാടുവിട്ട മകന്‍ സുലൈമാൻ ഷെഹ്ബാസ് നാല് വർഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. ഞായറാഴ്ച ഇയാള്‍ പാകിസ്ഥാനിൽ തിരിച്ചെത്തിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുലൈമാനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെയും (എഫ്ഐഎ) നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയെയും (എൻഎബി) ഇസ്ലാമാബാദ് ഹൈക്കോടതി തടഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് സുലൈമാന്റെ തിരിച്ചുവരവ് എന്ന് പ്രാദേശിക ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജാമ്യം ലഭിക്കണമെന്ന സുലൈമാന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സുലൈമാൻ ഷെഹ്ബാസ് തന്റെ പിതാവിനെ കെട്ടിപ്പിടിക്കുന്ന വീഡിയോ ഷെഹ്ബാസ് ഷെരീഫിന്റെ പാർട്ടിയായ പാകിസ്ഥാൻ മുസ്ലീം ലീഗ് (എൻ) ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
“പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ മകൻ സൽമാൻ ഷഹബാസ് നാട്ടിലേക്ക് മടങ്ങി,” എന്നാണ് ഈ ട്വീറ്റിന്‍റെ അടിക്കുറിപ്പ്. 2018 മുതൽ ലണ്ടനിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സുലൈമാൻ പിതാവിന്റെ പാദങ്ങളിൽ സ്പർശിക്കുകയും തുടർന്ന് ഷരീഫ് ആലിംഗനം ചെയ്യുകയും സ്വാഗതാർഹമായി മാല ചാർത്തുകയും ചെയ്യുന്നത് വീഡിയോയില്‍ ഉണ്ട്.
കഴിഞ്ഞ തവണത്തെ പാക് പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സുലൈമാൻ ഷെഹ്ബാസിനെതിരെ കള്ളപ്പണം വെളുപ്പിച്ചത് അടക്കം കുറ്റങ്ങള്‍ ചുമത്തി എഫ്ഐഎ കേസ് എടുത്തത്. ഇതിന് പിന്നാലെ അറസ്റ്റിനും നിയമ നടപടികളിലേക്കും കടക്കും മുന്‍പ് ഇയാള്‍ നാട് വിടുകയായിരുന്നു.
അതേ സമയം തന്‍റെ പാകിസ്ഥാനിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സുലൈമാൻ ഷെഹ്ബാസ് പ്രതികരിച്ചിരുന്നു. "തനിക്കും കുടുംബത്തിനും എതിരെ വ്യാജവും കൃത്രിമവുമായ കേസുകൾ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് സുരക്ഷയ്ക്കായി പാകിസ്ഥാൻ വിടാൻ നിർബന്ധിതനായത്. രാഷ്ട്രീയ വേട്ടയുടെയും രാഷ്ട്രീയ ഇരയാക്കലിന്റെയും ഏറ്റവും മോശം ഉദാഹരണമാണ് താന്‍" സുലൈമാൻ ഷെഹ്ബാസ് പറഞ്ഞു. കൂടാതെ "മുൻ എന്‍എബി ചെയർമാൻ ജാവേദ് ഇക്ബാലിന്റെയും അസറ്റ് റിക്കവറി യൂണിറ്റിന്റെയും കീഴിലുള്ള നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് തനിക്കെതിരെ കേസ് കെട്ടിചമച്ചതെന്നും പ്രധാനമന്ത്രിയുടെ മകന്‍ ആരോപിച്ചു.
അക്കൗണ്ടിൽ അബദ്ധത്തിൽ 4.2 കോടി രൂപയെത്തി, ഒന്നും നോക്കാതെ ഷോപ്പിംഗ് നടത്തി യുവാവ്
