ചിത്രം വൈറലായതിന് പിന്നാലെ വ്യാപകമായി പൊലീസിനെതിരെ ട്രോളുകള്‍ പ്രചരിച്ചിരുന്നു.

ബെയ്‍ജിംഗ്: പ്രതിയുടെ കുട്ടിക്കാലത്തെ ചിത്രം ലുക്ക് ഔട്ട് നോട്ടീസില്‍ പതിച്ചതില്‍ ക്ഷമാപണം നടത്തി പൊലീസ്. ചൈനയിലാണ് സംഭവം. ചിത്രം വൈറലായതിന് പിന്നാലെ വ്യാപകമായി പൊലീസിനെതിരെ ട്രോളുകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം പിന്‍വലിച്ച് പൊലീസ് ക്ഷമാപണം നടത്തിയത്. 100 ഫോട്ടോകളാണ് പൊലീസ് പുറത്തുവിട്ടത്. ഇതില്‍ നാലെണ്ണം കുട്ടുകളുടേതായിരുന്നു. ഇതിലൊന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

സ്കൂള്‍ പ്രായത്തിലുള്ള നീല ഷര്‍ട്ടണിഞ്ഞ കുട്ടിയുടെ ചിത്രമാണ് വൈറലായത്. പ്രതിയുടെ നിലവിലെ ഫോട്ടോകള്‍ ലഭിക്കാത്തതാണ് പഴയ ഫോട്ടോ പുറത്തുവിട്ടതിന് കാരണമെന്നാണ് പൊലീസിന്‍റെ ന്യായീകരണം. കുറ്റകൃത്യം നടന്ന സമയത്തെ ഫോട്ടോ വ്യക്തമല്ലാത്തതിനാല്‍ തങ്ങള്‍ക്ക് പ്രതിയുടെ പഴയ ഫോട്ടോ ഉപയോഗിക്കേണ്ടി വന്നു. 

എന്നാല്‍ പ്രതിയുടെ ശരീര ലക്ഷണങ്ങള്‍ ഫോട്ടോയിലുള്ളതില്‍ നിന്നും മാറിയിട്ടില്ലെന്നും ഏത് തരത്തിലുമുള്ള വിവരവും സ്വാഗതം ചെയ്യുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിയുടെ പഴയ ഫോട്ടോ ഉപയോഗിച്ചതിലെ അനൗചിത്യം വ്യക്തമായതോടെ ഫോട്ടോ പിന്‍വലിച്ച് പൊലീസ് ക്ഷമാപണം നടത്തുകയായിരുന്നു. ജോലിയിലെ ജാഗ്രത കുറവിന് ക്ഷമ ചോദിക്കുന്നെന്നായിരുന്നു പൊലീസ് പുറത്തുവിട്ട കത്തിലുള്ളത്.