രാത്രിയിൽ പൊലീസ് വാഹനം വളഞ്ഞ് കവർച്ചാ സംഘത്തിന്റെ ആക്രമണം, പാകിസ്ഥാനിൽ 12 പൊലീസുകാർക്ക് ദാരുണാന്ത്യം
യഹിം യാർ ഖാനിൽ വച്ചാണ് തോക്കും ഗ്രനേഡുകളുമുപയോഗിച്ച് കവർച്ചാ സംഘം ആക്രമണം നടത്തിയത്. പ്രളയ ബാധിതമായ പാടശേഖരത്തിന് സമീപത്ത് വച്ച തകരാറിലായ പൊലീസ് വാഹനത്തിന് നേരെയാണ് കവർച്ചക്കാരുടെ ആക്രമണമുണ്ടായത്
ലാഹോർ: പാകിസ്ഥാനിൽ പൊലീസ് വാഹന വ്യൂഹത്തിന് നേരെ കവർച്ചാസംഘം നടത്തിയ ആക്രമണത്തിൽ 11 പൊലീസുകാർ കൊല്ലപ്പെട്ടു. 9 പേർക്ക് പരിക്ക്. യഹിം യാർ ഖാനിൽ വച്ചാണ് തോക്കും ഗ്രനേഡുകളുമുപയോഗിച്ച് കവർച്ചാ സംഘം ആക്രമണം നടത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ കിഴക്കൻ മേഖലയിലാണ് വ്യാഴാഴ്ച പൊലീസിനെ കവർച്ചാ സംഘം ആക്രമിച്ചത്. പൊലീസിനെ വെട്ടിച്ച് ആയുധധാരികളായ കവർച്ചക്കാർ ഒളിഞ്ഞിരിക്കുന്ന സിന്ധു നദീ തീരത്തെ സമീപമുള്ള മേഖലയിലാണ് അക്രമം നടന്നത്.
കുപ്രസിദ്ധനായ കൊള്ള സംഘം നേതാവായ ബഷീർ ഷാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നാണ് പഞ്ചാബ് പൊലീസ് മേധാവി ഉസ്മാൻ അൻവർ വിശദമാക്കുന്നത്. പ്രവിശ്യയിലെ കൊള്ള സംഘങ്ങളെ പൂർണമായി നിർമാജ്ജനം ചെയ്യും വരെ പൊലീസ് നടപടി തുടരുമെന്നാണ് പഞ്ചാബ് പൊലീസ് മേധാവി ഉസ്മാൻ അൻവർ പ്രതികരിച്ചിട്ടുള്ളത്. പൊലീസ് ആക്രമണത്തിൽ ബഷീർ ഷാറിനെ കൊന്നതായും സംഘത്തിലെ അഞ്ച് പേരെ പരിക്കേൽപ്പിച്ചതായും പൊലീസ് വിശദമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ സംസ്കാരം വെള്ളിയാഴ്ച നടന്നു. ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി അടക്കമുള്ള നിരവധി പ്രമുഖരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. പൊലീസിനെ ആക്രമിച്ചവർക്ക് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് നഖ്വി വിശദമാക്കിയിട്ടുള്ളത്. ദേശീയ പാതകളിലും മറ്റും രാത്രിയിൽ സഞ്ചരിക്കുന്നവരെ കൊള്ളയടിക്കുന്ന സംഭവങ്ങൾ പാകിസ്ഥാനിൽ പതിവാണ്.
പലയിടങ്ങളിലും വൈകുന്നേരമായാൽ ആളുകൾ യാത്ര ചെയ്യാറില്ല. ഇത്തരം കുപ്രസിദ്ധമായ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടും കൊള്ളയടിക്കൽ പതിവാണ്. തോക്കുകൾ, ഗ്രനേഡുകൾ അടക്കമുള്ള മാരകായുധങ്ങളുമാണ് ഇത്തരം കൊള്ളകൾ നടക്കാറ്. പ്രളയ ബാധിതമായ പാടശേഖരത്തിന് സമീപത്ത് വച്ച തകരാറിലായ പൊലീസ് വാഹനത്തിന് നേരെയാണ് കവർച്ചക്കാരുടെ ആക്രമണമുണ്ടായത്. രാത്രിയിൽ അനുകൂല സന്ദർഭം മുതലെടുത്തായിരുന്നു ആക്രമണമെന്നായിരുന്നു പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം