ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.
88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയിൽ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തെന്നുമാണ് വത്തിക്കാൻ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മോശമായെന്ന പുതിയ അറിയിപ്പ് ഉണ്ടായിരിക്കുന്നത്. അതേസമയം മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ലോകമാകെയുള്ള വിശ്വാസികൾ തുടരുകയാണ്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാലയർപ്പണമടക്കം നടത്തിയിട്ടുണ്ട്. തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായി നേരത്തെ വത്തിക്കാൻ വക്താവ് അറിയിച്ചിരുന്നു. എത്രയും വേഗം മാർപാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാൻ വക്താവ് പങ്കുവച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം മാർപാപ്പ അവസാനമായി നടത്തിയ രാഷ്ട്രീയ ഇടപെടൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയതാണ്. ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സർക്കാരിന്റെ നടപടികളെന്നും ഇത് മോശമായി ഭവിക്കുമെന്നുമാണ് മാർപ്പാപ്പ അഭിപ്രായപ്പെട്ടത്. ചികിത്സയിൽ പ്രവേശിക്കുന്നതിന് മുമ്പ് യു എസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടനത്തിനെതിരെ മാർപ്പാപ്പ കടുത്ത വിമർശനം നടത്തിയത്. കുടിയേറ്റ വിരുദ്ധ പ്രചരണങ്ങൾ പാടില്ലെന്നടക്കം മാർപാപ്പ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽമാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തിയാണ്. നാടുകടത്തൽ മോശമായി കലാശിക്കുമെന്നും മാർപാപ്പ ചൂണ്ടികാട്ടിയിരുന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നെത്തിയവരാണ് കുടിയേറ്റക്കാർ. അവരെ ബലമായി നാടുകടത്തുന്നത് സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ അന്തസും അഭിമാനവും ഇല്ലാതാക്കുന്നതാണ്. ബലപ്രയോഗത്തിൽ നിർമ്മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്നുമാണ് മാർപാപ്പ അന്ന് ഓർമിപ്പിച്ചത്.
ബലംപ്രയോഗിച്ചുള്ള നാടുകടത്തൽ മോശമായി അവസാനിക്കും; ട്രംപിനെതിരെ കടുത്ത വിമർശനുമായി മാർപാപ്പ
