വത്തിക്കാന്‍: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഒഴിവുകാലം ചെലവഴിക്കുന്നവരെ വിമർശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ലോക്ക്ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അവരെ ഒന്ന് പരിഗണിക്കുക പോലും ചെയ്യാതെ അവധിക്കാലം ആഘോഷമാക്കുന്നത് ശരിയല്ലെന്നും ഫ്രാൻസിസ് മാർപ്പാപ്പ പ്രസംഗത്തിൽ വ്യക്തമാക്കി.

2021 കാത്തുവച്ചിരിക്കുന്നത് എന്താണെന്നറിയില്ല. പക്ഷേ ഒന്നിച്ചുനിന്നാൽ മാത്രമേ എന്തിനേയും നേരിടാനുള്ള ശക്തി ഉണ്ടാവൂ എന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരുടെ വേദനകള്‍ കാണാതെ ആഘോഷങ്ങള്‍ക്കാണ് ചിലര്‍ പ്രാധാന്യം കൊടുക്കുന്നത്.

മഹാമാരിയുടെ കാലത്ത് ആളുകള്‍ അവധിക്കാലം ആഘോഷിക്കാനായി വിമാനയാത്രകള്‍ നടത്തുന്ന റിപ്പോര്‍ട്ടുകള്‍ വായിച്ചു. ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടിലായി സാമ്പത്തിക പ്രതിസന്ധികളില്‍ തകര്‍ന്ന് വീട്ടില്‍ കഴിയുന്നവരെ കുറിച്ച് അവര്‍ ചിന്തിക്കുന്നേയില്ല. അവധിക്കാലം ആഘോഷിക്കുന്നതിനെ കുറിച്ച് മാത്രമാണ് അവരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.