Asianet News MalayalamAsianet News Malayalam

ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊവിഡ് 19 ബാധയില്ല; ജലദോഷം മാത്രം

മാർപാപ്പ കഴിഞ്ഞ ഞായറാഴ്ച പ്രസംഗത്തിനിടെ പല തവണ ചുമയ്ക്കുന്നത് കാണാമായിരുന്നു. ഇതിന് ശേഷം, മാർപാപ്പ പല പരിപാടികളും റദ്ദാക്കുകയും ചെയ്തിരുന്നു.

pope francis tests negative fore coronavirus after canceling events due to illness
Author
Vatican City, First Published Mar 3, 2020, 5:28 PM IST

വത്തിക്കാൻ: ചെറിയ പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരണം. ജലദോഷവും ചുമയും ബാധിച്ചതിനെത്തുടർന്ന് മാർപാപ്പ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.

ചെറിയ പനിയും ചുമയും തുടങ്ങിയപ്പോൾത്തന്നെ മാർപാപ്പയ്ക്ക് പരിശോധന നടത്തിയിരുന്നെന്ന് വത്തിക്കാൻ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച പ്രസംഗത്തിനിടെ, മാർപാപ്പ പല തവണ ചുമയ്ക്കുന്നത് കാണാമായിരുന്നു. 

മുതിർന്ന വത്തിക്കാൻ പ്രതിനിധികളുമായി ഒരാഴ്ച നീളുന്ന കൂടിക്കാഴ്ചകളുൾപ്പടെ നടത്താനിരിക്കുകയായിരുന്നു മാർപാപ്പ. വാർഷിക ആത്മീയയോഗത്തിൽ നിന്ന് പദവിയിലെത്തിയ ശേഷം ഇതുവരെ ഫ്രാൻസിസ് മാർപാപ്പ വിട്ടു നിന്നിട്ടുമില്ല. എന്നാൽ ഇതിനിടെ, മാർപാപ്പ പരിപാടിയിൽ പങ്കെടുക്കില്ലെന്നും, വസതിയിൽ നിന്ന് പരിപാടിയ്ക്ക് ആതിഥ്യം വഹിക്കുമെന്നും വത്തിക്കാനിൽ നിന്ന് പ്രസ്താവന പുറത്തുവന്നു. ഇതിന് പിന്നാലെ മാർപാപ്പ പൊതുപരിപാടികൾ കൂടി റദ്ദാക്കിയതോടെ ഇറ്റാലിയൻ മാധ്യമങ്ങളിലടക്കം മാർപാപ്പയ്ക്ക് കൊവിഡ് 19 അഥവാ കൊറോണവൈറസ് ബാധയുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു.

ടെസ്റ്റ് നെഗറ്റീവായെങ്കിലും മാർപാപ്പ ചികിത്സയിൽ തന്നെ തുടരുമെന്ന് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂനി വ്യക്തമാക്കി. 

ഇറ്റലിയെ കൊവിഡ് 19 ബാധ ഭീതിയിലാഴ്‍ത്തിയ സമയത്താണ് മാർപാപ്പയ്ക്ക് തന്നെ രോഗബാധയുണ്ടായോ എന്ന സംശയമുയർന്നത്. ഇറ്റലിയിൽ 52 പേരാണ് കൊറോണവൈറസ് എന്ന കൊവിഡ് 19 ബാധിച്ച് മരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിലധികമായി. യൂറോപ്പിൽ കൊവിഡ് 19 ഏറ്റവും കൂടുതൽ പടർന്നുപിടിച്ച രാജ്യം കൂടിയാണ് ഇറ്റലി.

Pope

Follow Us:
Download App:
  • android
  • ios