മാർപാപ്പയുടെ സഹോദരനായ ലൂയിസിന് രക്താർബുദമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. 2017-ലാണ് ആദ്യം രോഗം കണ്ടെത്തിയത്. തുടർന്ന് ചികിത്സ തേടിയെങ്കിലും മൂന്നുമാസം മുൻപ് വീണ്ടും രോഗം ബാധിച്ചെന്നും ചികിത്സയിലാണെന്നും അവർ വ്യക്തമാക്കി.
ന്യൂയോർക്ക്: ലിയോ പതിനാലാമൻ മാർപാപ്പയുടെ സഹോദരനും അർബുദ ചികിത്സയിലെന്ന് റിപ്പോർട്ട്. മാർപാപ്പയുടെ മൂത്തസഹോദരനായ ലൂയിസ് പ്രെവോസ്റ്റാണ് അർബുദരോഗത്തിന് ചികിത്സയിൽ തുടരുന്നത്. മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയ നടത്തി മുഴ നീക്കംചെയ്തെന്നും വത്തിക്കാൻ അറിയിച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവരുന്നത്. ലൂയിസ് പ്രെവോസ്റ്റിന്റെ ഭാര്യ ഡെബോറ പ്രെവോസ്റ്റാണ് ഇക്കാര്യം സിബിഎസ് ന്യൂസിനോട് വെളിപ്പെടുത്തിയത്.
മാർപാപ്പയുടെ സഹോദരനായ ലൂയിസിന് രക്താർബുദമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. 2017-ലാണ് ആദ്യം രോഗം കണ്ടെത്തിയത്. തുടർന്ന് ചികിത്സ തേടിയെങ്കിലും മൂന്നുമാസം മുൻപ് വീണ്ടും രോഗം ബാധിച്ചെന്നും ചികിത്സയിലാണെന്നും അവർ വ്യക്തമാക്കി. വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നത്. എന്നാൽ, രണ്ട് സഹോദരങ്ങൾക്കും വേണ്ടി ധൈര്യം കൈവിടാതെ മുന്നോട്ടുപോവുകയാണെന്നും ലൂയിസ് പ്രെവോസ്റ്റിന്റെ ഭാര്യ പറഞ്ഞു.
ആശുപത്രിയിൽ പോകുന്നതിന് മുൻപ് മാർപാപ്പയുമായി സംസാരിച്ചിരുന്നു. വൈകാതെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അത് എങ്ങനെയാണെന്നും മാർപാപ്പ പറഞ്ഞിരുന്നു. ഞങ്ങൾ എല്ലാവരും അവർ രണ്ടുപേർക്കും വേണ്ടി പ്രാർഥനയിലാണ്. അവരുടെ മനോധൈര്യം നിലനിർത്താനാണ് ശ്രമിക്കുന്നതെന്നും ഡെബോറ പ്രെവോസ്റ്റ് കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചത്. വലത് ശ്വാസകോശത്തിന്റെ താഴെയുണ്ടായിരുന്ന മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കംചെയ്തതായും വത്തിക്കാൻ അറിയിച്ചിരുന്നു. സുഖംപ്രാപിച്ച് വരുന്ന മാർപാപ്പ ഒരാഴ്ച കൂടി ആശുപത്രിയിൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്.


