ലങ് അഡിനോകാർസിനോമ എന്ന കാൻസർ വകഭേദമാണ് ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് സ്ഥിരീകരിച്ചത്.
വത്തിക്കാൻ: ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതിന് പിന്നാലെ ജെമിലി ആശുപത്രിയിൽ കഴിയുന്നതിനിടെ തന്നെ ശ്രുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കുമായി കുർബാന അർപ്പിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ചികിത്സയിൽ കഴിയുന്ന നാലാം ദിവസമാണ് മാർപ്പാപ്പ ആശുപത്രിയിലെ പത്താം നിലയിലെ മുറിയിൽ കുർബാന അർപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി വളരെ വേഗത്തിൽ മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ നടത്തിയ രക്ത പരിശോധനകളും നെഞ്ചിന്റെ എക്സ്റേയും മാർപ്പാപ്പയുടെ പൊതുവായ ആരോഗ്യനിലയിലെ പുരോഗതിയാണെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.
ലങ് അഡിനോകാർസിനോമ എന്ന കാൻസർ വകഭേദമാണ് ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് സ്ഥിരീകരിച്ചത്. ശ്വാസകോശത്തിലെ മുഴ നീക്കാനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടയിലാണ് കാൻസർ സ്ഥിരീകരിച്ചത്. പിന്നാലെ ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് ദൈർഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് നീക്കം ചെയ്തിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ഒക്ടോബർ 20 വരെ മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. ജെമിലി ആശുപത്രിയുടെ പത്താം നിലയിൽ സജ്ജീകരിച്ച പ്രത്യേക മുറിയിലാണ് മാർപ്പാപ്പ കുർബാന അർപ്പിച്ചത്.


