മുൻ മിസ് സ്വിറ്റ്‌സർലൻഡ് ബിയാട്രിസ് കിയൂൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര പീഡന ആരോപണവുമായി രംഗത്തെത്തി. യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളും ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധവും വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് നിഷേധിച്ചു.

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ് ആയ ബിയാട്രിസ് കിയൂൽ രംഗത്ത്. 1993 നവംബറിൽ അറ്റ്‌ലാന്‍റിക് സിറ്റിയിലെ പ്ലാസ ഹോട്ടലിൽ വെച്ച് ട്രംപ് തന്നെ ക്രൂരമായ പീഡനത്തിനിരയാക്കിയതായി അവർ പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തി. യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ പുറത്തിറക്കിയ 53 പേജുള്ള പുതിയ റിപ്പോർട്ടിലാണ് ജെഫ്രി എപ്‌സ്റ്റീനുമായുള്ള ട്രംപിന്‍റെ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്കൊപ്പം ഈ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്.

കോൺഗ്രസ് നിയന്ത്രണത്തിനായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ട്രംപിന്‍റെ മുൻകാല പെരുമാറ്റദൂഷ്യങ്ങളെയും ജെഫ്രി എപ്‌സ്റ്റീന്‍റെ ശൃംഖലയുമായുള്ള ബന്ധത്തെയും കുറിച്ച് അന്വേഷണം നടത്തുന്ന ഡെമോക്രാറ്റുകൾ, കുറ്റകൃത്യങ്ങൾ മൂടിവെക്കാൻ നീതിന്യായ വകുപ്പ് ശ്രമിക്കുന്നതായി ആരോപിച്ചു.

അറ്റോർണി ജനറൽ ടോഡ് ബ്ലാൻഞ്ച് സ്വതന്ത്ര സ്പെഷ്യൽ കൗൺസിലിനെ നിയമിക്കണമെന്നും ഹൗസ് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് നിഷേധിച്ചു. പ്രസിഡന്‍റ് ട്രംപിന്‍റെ രാഷ്ട്രീയ നേട്ടങ്ങളെയും ജനപ്രീതിയെയും വഴിതിരിച്ചുവിടാനുള്ള ഡെമോക്രാറ്റുകളുടെ നിരാശാജനകമായ ശ്രമം മാത്രമാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് ലോറ ബിസ് പ്രതികരിച്ചു.