ശ്വാസകോശ അർബുദ ശസ്ത്രക്രിയക്ക് ശേഷം ലിയോ പതിനാലാമൻ മാർപ്പാപ്പ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്തു. തനിക്കായി പ്രാർത്ഥിച്ചവർക്കും ജെമിലി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രതിസന്ധിഘട്ടം പിന്നിട്ടതിനാൽ അദ്ദേഹം ഉടൻ തന്നെ ദൈനംദിന ജോലികളിലേക്ക് തിരിച്ചെത്തും.
വത്തിക്കാൻ സിറ്റി: അർബുദ ശസ്ത്രക്രിയക്ക് ശേഷം ആദ്യമായി വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെയായിരുന്നു അഭിസംബോധന. കഴിഞ്ഞ ദിവസങ്ങളിൽ തനിക്കായി പ്രാർത്ഥിച്ച വിശ്വാസികള്ക്ക് മാർപ്പാപ്പ നന്ദി പറഞ്ഞു. ജെമിലി ആശുപത്രിയിലെ ഡോക്ടമാർക്കും, നഴ്സുമാർക്കും, മറ്റ് ജീവനക്കാർക്കും പ്രത്യേക നന്ദിയുമറിയിച്ചു. അസുഖം ബാധിച്ച് ബുദ്ധിമുട്ടുകളനുഭവിക്കുന്നവരോട് ഈ രോഗാനുഭവം തന്നെ കൂടുതൽ അടുപ്പിച്ചുവെന്നും മാർപ്പാപ്പ പറഞ്ഞു. പ്രതിസന്ധിഘട്ടം പിന്നിട്ട സ്ഥിതിക്ക് ഇനി മെല്ലെ ദൈനംദിന ജോലികളിലേക്ക് തിരിച്ചെത്തുമെന്നാണ് ലിയോ പതിനാലാമൻ്റെ അറിയിപ്പ്. ശ്വാസകോശ അർബുദ ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ഇന്നലെയാണ് മാർപ്പാപ്പ ജെമിലി ആശുപത്രി വിട്ടത്. വരും ദിവസങ്ങളിലും ചികിത്സ തുടരുമെന്നാണ് വിവരം.


