കഴിഞ്ഞ ദിവസം ഉത്തര കൊറിയൻ ഗവണ്മെന്റിന്റെ പ്രൊപ്പഗാണ്ട ആൻഡ് അജിറ്റേഷൻ ഡിപ്പാർട്ട്മെന്റിന്റെ കയ്യിൽ വളരെ നിർണായകമായ കുറെ തെളിവുകൾ കിട്ടി. രാജ്യത്തെ ചില ആക്രിക്കടകളിൽ നിന്ന് സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റെ ചിത്രം അച്ചടിച്ച ചില കടലാസുകൾ കണ്ടെടുത്തിരിക്കുന്നു എന്നതായിരുന്നു ആ രഹസ്യ വിവരം. 

സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റെ ചിത്രം ഏതെങ്കിലും പ്രതലത്തിൽ അച്ചടിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ബഹുമാനത്തോടെ കൈകാര്യം ചെയ്യണം എന്നതാണ് ഉത്തര കൊറിയയിലെ നിയമം. അത് കിം ജോങ് ഉന്നിനു മുമ്പ് രാജ്യം ഭരിച്ചിരുന്ന അച്ഛൻ കിം ജോങ് ഇൽ, അതിനു മുമ്പ ഭരിച്ചിരുന്ന കിം ഇൽ സങ്ങ് എന്നിവരുടെ കാലം തൊട്ടുതന്നെ ഉത്തരകൊറിയയിലെ പൗരന്മാരെ നഴ്‌സറിതലം തൊട്ടു തന്നെ ദിവസേനയുള്ള സുപ്രീം ലീഡർ 'മഹത്വ ഉദ്ഘോഷണ' ക്‌ളാസുകളിൽ ആവർത്തിച്ച് പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ബാലപാഠങ്ങളിൽ ഒന്നാണ്. 

കിം ജോങ് ഉൻ മഹത്വ പ്രഘോഷണങ്ങൾ അടങ്ങിയ പ്രൊപ്പഗാണ്ട ബുക്ക്ലെറ്റുകൾ ഉത്തര കൊറിയയിൽ അറിയപ്പെടുന്നത് നമ്പർ വൺ പബ്ലിക്കേഷൻസ് എന്ന പേരിലാണ്. അങ്ങനെയുള്ള ചില നമ്പർ വൺ പബ്ലിക്കേഷൻ ബുക്ക്ലെറ്റുകളിൽ ഒന്നാണ് ഇപ്പോൾ ആക്രിക്കടയിൽ നിന്ന് കണ്ടെത്തപ്പെട്ടിട്ടുള്ളത്. 

ഉത്തര കൊറിയയിലെ കീഴ്വഴക്കങ്ങൾ പ്രകാരം ഇത് അക്ഷന്തവ്യമായ ഒരു മഹാപരാധമാണ്. സെൻട്രൽ അധികാരകേന്ദ്രത്തിൽ നിന്നുള്ള ഉന്നത അധികാരികൾ ഈ വിഷയം പരിശോധിക്കാൻ ഇന്നലെ തന്നെ ഒരു ഉന്നത തല യോഗം കൂടിക്കഴിഞ്ഞു. വളരെയധികം ബഹുമാനത്തോടെ മാത്രം കൈകാര്യം ചെയ്യേണ്ട, രാജ്യത്തെ പുതു തലമുറയ്ക്ക് പ്രത്യയ ശാസ്ത്രം പഠിപ്പിക്കാൻ ഉതകേണ്ട ഈ ലിറ്ററേച്ചർ എങ്ങനെയാണ് ഒരു ആക്രിക്കടയിൽ എത്തിപ്പെട്ടത് എന്നത് സംബന്ധിച്ച റൂട്ടുമാപ്പ് തയ്യാറാക്കാനും അതുമായി ബന്ധപ്പെട്ട് കൃത്യവിലോപമുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനുമാണ് കിം ജോങ് ഉൻ ഉത്തരവിട്ടിട്ടുള്ളത്. 

തന്റെ മുഖം അച്ചടിച്ച ബുക്ക് ലെറ്റുകളെ ആക്രിക്കട പോലോരിടത്തെ ഏറെ അലക്ഷ്യമായി മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിച്ചത് തന്നോടുള്ള അപമര്യാദയും ബഹുമാനക്കുറവുമായിട്ടാണ് സുപ്രീം ലീഡർ കണക്കാക്കുന്നത്. അതാവട്ടെ ഉത്തരകൊറിയയിലെ ഏറ്റവും ഗുരുതരമായ കുറ്റങ്ങളിൽ ഒന്നും. ചിലപ്പോൾ ഈ പ്രവൃത്തിക്ക് നല്കപ്പെടുക, മൂന്നു തലമുറകൾക്കുള്ള ശിക്ഷ വരെ ആകാം.

ഈ സംഭവത്തിന് ശേഷം പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി നേരിട്ട് ഉത്തര കൊറിയയുടെ പ്രാന്തപ്രദേശങ്ങളിൽ ഒരു ഐഡിയോളജിക്കൽ ഓഡിറ്റ് നടത്തും എന്നും അറിയിച്ചിട്ടുണ്ട്. നമ്പർ വൺ പ്രസിദ്ധീകരണങ്ങളോടുള്ള ഈ ബഹുമാനക്കുറവിനു കാരണം രാജ്യത്തെ ജനങ്ങളിൽ ഉണ്ടായിട്ടുള്ള മൂല്യച്യുതി ആണെന്നും, അത് പരിഹരിക്കാൻ വേണ്ട അധിക വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട് എന്നും പാർട്ടിക്കുള്ളിൽ നിന്ന് അഭിപ്രായമുയർന്നുകഴിഞ്ഞു.