അതേ സമയം വെടിവെപ്പിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് സർവകലാശാല ഒഴിപ്പിച്ചു

പ്രാ​ഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ അക്രമി നിരവധിപ്പേരെ വെടിവെച്ചു കൊന്നു. പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തു. വെടിയേറ്റ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് തോക്കുധാരി കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തിയത്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞു 3. 40 നായിരുന്നു വെടിവെപ്പ് തുടങ്ങിയത്. അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാൾ ജീവനൊടുക്കിയതാണോ പോലീസ് വെടിവെച്ചു കൊന്നതാണോ എന്നത് വ്യക്തമല്ല. അക്രമിയുടെ വിശദാംശങ്ങളോ ആക്രമണ കാരണമോ പോലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി..