ഇറാൻ ബാങ്കായ സെപായുടെ ഡാറ്റകൾ നശിപ്പിച്ചതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് പ്രിഡേറ്ററി സ്പാരോയുടെ പുതിയ അവകാശവാദം 

ടെൽ അവീവ്:ഇറാനിലെ ക്രിപ്‌റ്റോകറൻസി എക്സ്‌ചേഞ്ചായ നൊബിടെക്സ് ആക്രമിച്ച് 90 മില്യൺ യു.എസ് ഡോളർ(ഏകദേശം 7,79,53,05,000 രൂപ) കവർച്ച ചെയ്തെന്ന അവകാശവാദവുമായി ഇസ്രയേൽ ബന്ധമുള്ള ഹാക്കിംഗ് സംഘമായ പ്രിഡേറ്ററി സ്പാരോ. ബുധനാഴ്ചയാണ് പ്രിഡേറ്ററി സ്പാരോ നോബിടെക്സ് ആക്രമിച്ചെന്ന അവകാശവാദം ഉയർത്തിയത്.ഒരു ദിവസം മുൻപ് ഇറാന്റെ ഔദ്യോഗിക ബാങ്കായ സെപായുടെ ഡാറ്റ ഹാക്ക് ചെയ്ത് നശിപ്പിച്ചതായി പ്രിഡേറ്ററി സ്പാരോ അവകാശപ്പെട്ടിരുന്നു.

ക്രിപ്റ്റോ സംബന്ധികയായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന കൺസൾട്ടൻസിയായ എലിപ്റ്റിക് വിശദമാക്കുന്നത് ഹാക്കർമരുടെ അക്കൌണ്ടുകളിലേക്ക് 90 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി നോബിടെക്സിൽ നിന്ന് അയച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ്. വാനിറ്റി അഡ്രെസുകളിൽ ഹാക്കർമാർ ഇവ സൂക്ഷിക്കുന്നത് മൂലം ഇവയുടെ ക്രിപ്റ്റോഗ്രാഫിക് കീ ഉണ്ടാവില്ലെന്നും എലിപ്റ്റിക് നിരീക്ഷിക്കുന്നത്. നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലക്ഷക്കണക്കിന് വർഷങ്ങളാണ് വാനിറ്റി അഡ്രെസുകളിലുള്ള നിക്ഷേപത്തിന്റെ ക്രിപ്റ്റോഗ്രാഫിക് കീ തയ്യാറാക്കാനായി വേണ്ടി വരുമെന്നാണ് എലിപ്റ്റിക് സഹ സ്ഥാപകനായ ടോം റോബിൻസൺ ദി ഗാർഡിയനോട് വ്യക്തമാക്കിയത്. എന്നാൽ പ്രിഡേറ്ററി സ്പാരോയുടെ ഹാക്കർമാർ കോഡുകൾ ആഭ്യന്തരമായി നൽകുമെന്ന് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.

പ്രിഡേറ്ററി സ്പാരോയ്ക്ക് ഇസ്രയേൽ ബന്ധമുള്ളതായി ഏറെക്കാലമായി നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ ഹാക്കർമാരുടെ വിവരങ്ങളോ ഇവരുടെ രാജ്യം ഏതാണെന്നോ ഉള്ള കാര്യങ്ങളിൽ സ്ഥിരീകരണങ്ങൾ ലഭ്യമല്ല. ഇസ്രയേൽ - ഇറാൻ സംഘർഷമാണ് നിലവിലെ ഹാക്കിംഗിന് പ്രകോപനമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷാ സംബന്ധികയായ സംഭവം ഉണ്ടായതായി നോബിടെക്സ് ഇതിനോടകം എക്സ് അക്കൌണ്ടിൽ വിശദമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം