റോം: തെരുവില്‍ അലഞ്ഞ് തിരിയുന്നവര്‍ സഹായവുമായി എത്തിയിരുന്ന വൈദികനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇറ്റലിക്ക് സമീപത്തെ കോമോയിലാണ് സംഭവം. ആതുര സേവനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഫാ. റോബര്‍ട്ടോ മാല്‍ഗെസിനിയാണ് കഴുത്തിലും പുറത്തുമായി കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. ഇറ്റലിയുടെ വടക്കന്‍ രൂപതകളില്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഫാ. റോബര്‍ട്ടോ.

തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം നല്‍കിയും താമസിക്കാന്‍ സൌകര്യമൊരുക്കുകയും ചെയ്തിരുന്ന വൈദികനെ കുത്തിയതിന് ടുണീഷ്യന്‍ സ്വദേശിയായ അന്‍പത്തിമൂന്നുകാരന്‍ പൊലീസില്‍ കീഴടങ്ങി. ഇയാള്‍ക്ക് മാനസിക തകരാറുള്ളതായാണ് സംശയിക്കുന്നത്. ഇയാളെ വൈദികന് പരിചയമുണ്ടായിരുന്നതായാണ് സൂചന. വൈദികന്‍റെ ഇടവകയില്‍ തന്നെയുള്ള അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള താമസ സൌകര്യം അക്രമി പ്രയോജനപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണണവും മറ്റ് സഹായം നല്‍കുകയും ചെയ്തിരുന്ന വൈദികനെ 2019ല്‍  പള്ളി വരാന്തയില്‍ താമസിച്ചിരുന്നവര്‍ക്ക് ഭക്ഷണം നല്‍കിയതിന് പൊലീസ് പിഴ ചുമത്തിയിരുന്നു. 

രാവിലെ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് പ്രഭാത ഭക്ഷണവുമായി പോവുന്നതിനിടയിലാണ് വൈദികന് നേരെ അക്രമമുണ്ടായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വൈദികന്‍ യഥാര്‍ത്ഥത്തില്‍ പാവപ്പെട്ടവരുടെ പിതാവായിരുന്നുവെന്നാണ് കോമോ ബിഷപ്പ് ഓസ്കാര്‍ കാന്‍റോണി വത്തിക്കാന്‍ ന്യൂസിനോട് പ്രതികരിച്ചത്. ഇറ്റലിയിലെ സോന്‍ഡ്രിയോ പ്രൊവിന്‍സില്‍ 1969ല്‍ ജനിച്ച  റോബര്‍ട്ടോ 1998ലാണ് വൈദികവൃത്തിയിലേക്ക് എത്തുന്നത്. 2008 മുതല്‍ കോമോ രൂപതയിലായിരുന്നു ഈ വൈദികന്‍ പ്രവര്‍ത്തിച്ചിരുന്നത്.