അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ട്രംപുമായുള്ള ചർച്ചയിൽ വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് മുന്നേറുമെന്നും ഇന്ത്യും അമേരിക്കയും ഇരട്ടി വേഗത്തിൽ ഒരുമിച്ച് മുന്നോട്ട് നീങ്ങുമെന്നും മോദി പറഞ്ഞു. ട്രംപുമായി യോജിച്ചു പ്രവർത്തിച്ച് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രവ‍ർത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു. മോദി അടുത്ത സുഹൃത്താണെന്നും കഴിഞ്ഞ നാല് വർഷവും സൗഹൃദം നിലനിർത്തിയെന്നും ട്രംപ് പറഞ്ഞു. മികച്ച വ്യാപാര ബന്ധവും കരാറുകളും ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു

പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. രണ്ടാം തവണയും അമേരിക്കയിൽ അധികാരമേറ്റെടുത്ത ശേഷം ട്രംപുമായി ഔദ്യോഗിക ചർച്ചയ്ക്കെത്തുന്ന ആദ്യ രാഷ്ട്രനേതാക്കളിലൊരാളിയ മാറിയിരിക്കുകയാണ് നരേന്ദ്ര മോദി. നേരത്തെ പ്രധാനമന്ത്രി ശതകോടീശ്വരനും ടെസ്ല -സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ട്രംപുമായുള്ള ചർച്ചയിൽ വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. വൈറ്റ് ഹൗസിന് സമീപത്തുളഅള ബ്ലെയര്‍ ഹൗസിൽ വെച്ച് ഇലോണ്‍ മസ്കുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം