Asianet News MalayalamAsianet News Malayalam

ഹാരിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ ഭാവനയില്‍ നിന്നെന്ന് സേനാ പരിശീലകന്‍ 

സൈനിക പരിശീലകനായ സെര്‍ജന്റ് മേജര്‍ മൈക്കല്‍ ബൂലി മുന്നറിയിപ്പില്ലാതെ ടി 67 വിമാനത്തിന്‍റെ പ്രൊപ്പല്ലര്‍ നിര്‍ത്തിയെന്നായിരുന്നു ഹാരി രാജകുമാരന്‍ ആത്മകഥയില്‍ വെളിപ്പെടുത്തിയത്.

prince harrys army instructor against his remarks in autobiography Spare
Author
First Published Jan 22, 2023, 12:21 PM IST

ലണ്ടന്‍: ഹാരി രാജകുമാരന്‍റെ ആത്മകഥയായ സ്പെയറിലെ ചാവേര്‍ പരിശീലനം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഭാവനയില്‍ നിന്നുള്ളതെന്ന് വ്യക്തമാക്കി സേനാ പരിശീലകന്‍. ഹാരി രാജകുമാരനൊപ്പം സേനാ പരിശീലന കാലത്ത് ചേര്‍ന്ന് പ്രവര്‍ത്തിച്ച പരിശീലകന്‍റേതാണ് വെളിപ്പെടുത്തല്‍. സൈനിക പരിശീലകനായ സെര്‍ജന്റ് മേജര്‍ മൈക്കല്‍ ബൂലി മുന്നറിയിപ്പില്ലാതെ ടി 67 വിമാനത്തിന്‍റെ പ്രൊപ്പല്ലര്‍ നിര്‍ത്തിയെന്നായിരുന്നു ഹാരി രാജകുമാരന്‍ ആത്മകഥയില്‍ വെളിപ്പെടുത്തിയത്. ഇതിനെതിരെയാണ് പരിശീലകന്‍ ശക്തമായി പ്രതികരിച്ചിട്ടുള്ളത്.

പരിശീലന സമയത്തെ ഓരോ കാര്യങ്ങളേക്കുറിച്ചും കൃത്യമായി വിശദമാക്കിയ ശേഷമായിരുന്നു പരിശീലനം നല്‍കിയിരുന്നത്. ഹാരിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ തനിക്ക് ഞെട്ടലുണ്ടാക്കിയെന്നുമാണ് സേനാ പരിശീലകന്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. വിമാനത്തിന്‍റെ ഇടതു ചിറക് പ്രവര്‍ത്തനം നിലച്ചതായാണ് തോന്നിയതെന്നും നിമിഷങ്ങള്‍ പോലും ദശാബ്ദങ്ങളായി തോന്നിയെന്നും ഹാരി രാജകുമാരന്‍ വിശദമാക്കിയിരുന്നു. മൈക്കല്‍ എന്ന സേനാ പരിശീലകനാണ് ഹാരിയുടെ വാദങ്ങളെ തള്ളിയിരിക്കുന്നത്. മൈക്കലിന്‍റെ ആദ്യ അഞ്ച് ശിഷ്യന്‍മാരിലാണ് ഹാരിയുള്ളത്. കോക്പിറ്റില്‍ പരിശീലന കാലത്ത് ഒന്നും തന്നെ യാദൃശ്ചികമായി നടക്കുന്നില്ലെന്നാണ് മൈക്കല്‍ തുറന്നടിക്കുന്നത്.

ഏറ്റവും ചെറിയ കാര്യം പോലും പറഞ്ഞ് വിശദമാക്കിയ ശേഷമാണ് അവയില്‍ പരിശീലനം നല്‍കുക എന്നും മൈക്കല്‍ വിശദമാക്കുന്നു. തനിച്ച് പറക്കുന്നതിന് മുന്‍പായി എന്‍ജിന്‍ തകരാറ് സംഭവിക്കുന്നതിന്‍റെ പരിശീലനം നല്‍കുന്നത് സാധാരണമാണെന്നും മൈക്കല്‍ പറയുന്നു. ചാൾസ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും മകൻ ഹാരി, 42ാം വയസിൽ 'സ്പെയർ' എന്ന പുസ്തകത്തിലൂടെ ഉയർത്തിവിട്ടിരിക്കുന്നത് ബ്രിട്ടനിൽ ഒതുങ്ങാത്ത വിവാദ കൊടുങ്കാറ്റാണ്. വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് 25 താലിബാൻകാരെ താൻ കൊലപ്പെടുത്തിയെന്നും ആത്മകഥയില്‍ ഹാരി വെളിപ്പെടുത്തിയിരുന്നു.   

വിവാദത്തിന് തീ കൊളുത്തി ഹാരി രാജകുമാരന്റെ ആത്മകഥ

Follow Us:
Download App:
  • android
  • ios