ലണ്ടൻ: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻ വംശജ പ്രീതി പട്ടേൽ (47) ചുമതലയേറ്റു. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ബോറിസ് ജോണ്‍സന്‍റെ മന്ത്രിസഭയിലാണ് ആദ്യമായി ഒരു ഇന്ത്യൻ വംശജ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.

2016 മുതൽ 2017 വരെ ബ്രിട്ടന്റെ അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയായി പ്രീതി പട്ടേൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ രാഷ്ട്രീയനേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതിനെ തുടർന്ന് 2017-ൽ പ്രീതി സ്ഥാനം രാജിവച്ച് ഒഴിയുകയായിരുന്നു.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന തെരേസാ മേയുടെ ബ്രെക്സിറ്റ് നയതന്ത്രത്തിന് വേണ്ടി വാദിക്കുന്നവരിൽ പ്രമുഖയാണ് പ്രീതി പട്ടേൽ. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ പ്രീതി യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളിലൂടെയും സ്വവര്‍ഗ വിവാഹത്തിനെതിരായ നിലപാടുകളിലൂടെയും ശ്രദ്ധപിടിച്ചിരുന്നു. 2015ലും 2017ലും തെരഞ്ഞെടുക്കപ്പെട്ട ഇവര്‍‍ ഡേവിഡ് കാമറൂണ്‍ മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. ബ്രിട്ടനിൽ ജനിച്ചുവളർന്ന പ്രീതിയുടെ അച്ഛനമ്മമാർ ഗുജറാത്ത് സ്വദേശികളാണ്.