ലാഹോര്‍: സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു. 33 കാരനായ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 2013 മാര്‍ച്ചില്‍ ആണ് ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലീം പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹഫീസിന് വധശിക്ഷ വിധിച്ചത്  മുള്‍ട്ടാനിലെ സെന്‍ട്രല്‍ സിറ്റിയിലാണ്. അറസ്റ്റിലാകുമ്പോള്‍ അദ്ദേഹം ഈ നഗരത്തിലെ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ആയിരുന്നു. ഹഫീസിന്‍റെ അഭിഭാഷകന്‍ അസദ് ജമാല്‍ വിധിയെ വിമര്‍ശിച്ച് രംഗത്തെത്തി. വിധിക്കെതിരെ ഹര്‍ജി നല്‍കുമെന്നും അസദ് ജമാല്‍ പറഞ്ഞു.  

വിചാരണ സമയത്ത് മുള്‍ട്ടാന്‍ ജയിലില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയത്.  വിധിക്ക് ശേഷം പ്രൊസിക്യൂഷന്‍ അഭിഭാഷകന്‍ മധുരം വിതരണം ചെയ്യുകയും  അള്ളാഹു അക്ബര്‍ എന്ന് ഉച്ചരിക്കുകയും ചെയ്തു. 'ദൈവനിന്ദകന്‍റെ അന്ത്യം' എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനായ അസിം ചൗധരി വിധിയെ സ്വാഗതം ചെയ്തു. 'നീതിയുടെ വലിയ തോല്‍വിയാണ്' എന്നായിരുന്നു ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ പ്രതികരണം.

'' വിധിയുടെയും നീതിയുടെയും വലിയ തോല്‍വിയാണ് ജുനൈദ് ഹഫീസിന് നല്‍കിയ വധശിക്ഷ... ഇത് ഏറെ നിരാശയും അത്ഭുതവും ഉണ്ടാക്കി'' - ആംനസ്റ്റിയിലെ റാബിയ മൊഹമ്മദ് പറഞ്ഞു. സര്‍ക്കാര്‍ ഹഫീസിനെ സ്വതന്ത്രനാക്കുകയും അദ്ദേഹത്തിനെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വിചാരണ നടക്കുന്നതിനിടെ 2014 ല്‍ ഹഫീസിന്‍റെ അഭിഭാഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ക്ക് നേരെ വധഭീഷണി നിലനിന്നിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്രത്തിന് വേണ്ടിയുള്ള യുഎസ് കമ്മീഷന്‍റെ 2018 ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 
പാക്കിസ്ഥാനില്‍ ഇതുവരെ 40 ഓളെ പേര്‍ക്ക് ദൈവനിന്ദയുടെ പേരില്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ദൈവനിന്ദ കേസില്‍ എട്ട് വര്‍ഷത്തെ തടവിന് ശേഷം ആസിയ ബിബി എന്ന സ്ത്രീ കുറ്റവിമുക്തയാക്കപ്പെട്ടിരുന്നു. അവര്‍ ഇപ്പോള്‍ കാനഡയിലാണ് താമസം.