ബ്രസീലിയ: രാജ്യത്ത് കമ്മ്യൂണിസവും അരിവാള്‍ ചുറ്റിക ചിഹ്നവും ഇല്ലാതാക്കാന്‍ നിയമം നിര്‍മ്മിക്കുന്നത് പരിഗണനയിലെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോയുടെ മകന്‍ എഡ്വാര്‍ഡോ ബൊല്‍സാനരൊ. പോളണ്ടില്‍ നാസികളും കമ്മ്യൂണിസ്റ്റുകളും നടത്തിയ കൂട്ടക്കൊലകള്‍ക്ക് സമാനായ സംഭവങ്ങള്‍ തടയാന്‍ നിയമം നിര്‍മ്മിക്കണമെന്നും എഡ്വര്‍ഡോ ആവശ്യപ്പെട്ടു. റഷ്യന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കമ്മ്യൂണിസത്തിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നിര്‍മ്മിക്കുന്നവരെയും വില്‍ക്കുന്നവരെയും പ്രദര്‍ശിക്കുന്നവരെയും ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്വേഷത്തിന്റെ ചിഹ്നമാണ് അരിവാള്‍ ചുറ്റികയെന്നും എഡ്വേര്‍ഡ് ബൊല്‍സാനരൊ ട്വീറ്റ് ചെയ്തു. നാസിസവും കമ്മ്യൂണിസവും തമ്മില്‍ വ്യത്യാസമില്ലെന്നും ഹിറ്റ്‌ലറും സ്റ്റാലിനും തമ്മില്‍ എന്താണ് വ്യത്യാസമെന്നും എഡ്വാര്‍ഡോ ബൊല്‍സാനരോ ചോദിച്ചു. 

ബൊല്‍സാനരോയും മകനും വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ടവരാണ്. നേരത്തെ എല്ലാ സോഷ്യലിസ്റ്റുകളെയും കൊല്ലണമെന്ന് പ്രസിഡന്റ് ബൊല്‍സാനരൊ പറഞ്ഞത് വിവാദമായിരുന്നു. തായ്വാന്‍ സന്ദര്‍ശിച്ച് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. അതേസമയം, ബ്രസീലില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്നതും ചൈനയിലേക്കാണ്. കൊവിഡ് പ്രതിരോധത്തിലും ബൊല്‍സാനരോയും മകനും ചൈനയെ വിമര്‍ശിച്ചിരുന്നു.