ഹോങ്കോങ്: ഹോങ്കോങ് പൗരൻമാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം. വിവാദ ഭേദഗതി ഇന്ന് ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗൺസിൽ ചർച്ചചെയ്യാനിരിക്കെ അരലക്ഷത്തോളം പ്രക്ഷോഭകർ ഇന്നലെ മുതൽ കൗൺസിൽ മന്ദിരം ഉപരോധിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച നിയമഭേദഗതി ഏപ്രിലിലാണ് ചൈന അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള കൗൺസിലിൽ അവതരിപ്പിച്ചത്.

 ചൈനയെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. യൂറോപ്യൻ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തി.എന്നാൽ പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയുടെ നിലപാട്. 1997 ലാണ് ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്.