വരുന്ന ഒക്ടോബറിലാണ് ഗെയിമിന്‍റെ റിലീസ്. 

മോസ്‍കോ: റഷ്യന്‍ ഭരണാധികാരിയും സോവിയറ്റ് വിപ്ലവകാരിയുമായ ജോസഫ് സ്റ്റാലിന്‍ കേന്ദ്രകഥാപാത്രമാവുന്ന ഗെയിം വരുന്നു. 'സെക്സ് വിത്ത് സ്റ്റാലിന്‍' എന്ന് പേരിട്ട ഗെയിം വരുന്ന ഒക്ടോബറില്‍ റിലീസ് ചെയ്യും. രക്തചൊരിച്ചിലും നഗ്നതയും അക്രമവുമെല്ലാം ആവോളം ഉള്‍പ്പെടുത്തിയാണ് ഗെയിം പുറത്തിറക്കുന്നത്. എന്നാല്‍ ഗെയിമിനെതിരെ റിലീസിന് മുമ്പേ റഷ്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്റ്റാലിനെ മോശക്കാരനാക്കി ചിത്രീകരിക്കാനും ഇകഴ്ത്താനുമാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ഗെയിം നിര്‍മിച്ചവര്‍ മാനസിക രോഗികളാണെന്നും ഇവര്‍ ആരോപിച്ചു. 

സ്റ്റാലിന്‍റെ ത്രീ മോഡലിനെ മര്‍ദ്ദിക്കാനും ഉപദ്രവിക്കാനുമൊക്കെ കളിക്കാര്‍ക്ക് അവസരം നല്‍കുന്നതിനെയും പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു. ഒട്ടും യുക്തി സഹമല്ലാത്ത ഇത്തരം ഗെയിമുകളുടെ ആവശ്യകത മാനസിക രോഗ വിദഗ്ധര്‍ ചോദ്യംചെയ്യണമെന്ന് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഒല്‍ഗ ആവശ്യപ്പെട്ടു. ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാക്സിം സുറൈക്കിന്‍ രംഗത്തെത്തി. ലോകാധിപത്യം നേടുന്നതിന് ആവശ്യമായ ഉപദേശങ്ങള്‍ കളിക്കാര്‍ക്ക് ഗെയിമിലൂടെ സ്റ്റാലിന് നല്‍കാന്‍ കഴിയും. സ്റ്റാലിന്‍റെ ത്രീ ഡി മോഡലുമായി പലതരത്തിലുള്ള വിനിമയം നടത്താന്‍ കളിക്കാര്‍ക്ക് ഗെയിമിലൂടെ സാധിക്കും.