സിഡ്നി: മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയയില്‍ തിങ്കളാഴ്ച പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് കറുത്ത ഛായമടിച്ച്. സര്‍ക്കാര്‍ സുതാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്നതെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 75 നിയമങ്ങളാണ് നടപ്പാക്കിയതെന്നുമായിരുന്നു പ്രതിഷേധം. അറിയാനുള്ള നിങ്ങളുടെ അവകാശം എന്ന ബാനറിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രമുഖ പത്രങ്ങളായ ദ സിഡ്‍നി മോണിംഗ് ഹെറാള്‍ഡ്, ദ ഓസ്ട്രേലിയന്‍, ദ ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ തുടങ്ങിയ പത്രങ്ങള്‍ വാര്‍ത്തയൊഴിവാക്കി കറുപ്പടിച്ച് പ്രതിഷേധിച്ചു. നിയന്ത്രണങ്ങള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് അച്ചടിക്കുന്നതിന് തുല്യമാണെന്നാണ് മാധ്യമങ്ങളുടെ നിലപാട്. ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ സത്യം മറച്ചുവെക്കുകയാണെന്നും എന്താണ് അവര്‍ മൂടിവെക്കുന്നതെന്നും ചാനലുകള്‍ പ്രേക്ഷകരോട് ചോദിച്ചു.

2001 മുതല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ 75 നിയമങ്ങളാണ് പാസാക്കിയത്. ഓസ്ട്രേലിയന്‍ ജനങ്ങളുടെ അവകാശത്തെ സര്‍ക്കാര്‍ ഹനിക്കുകയാണെന്ന് മാധ്യമങ്ങള്‍ അറിയിച്ചു. 2001ലെ 9/11 ആക്രമണത്തെ തുടര്‍ന്ന് രാജ്യസുരക്ഷയുടെ ഭാഗമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ഇവര്‍ പറയുന്നു.  പത്ര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നിയമത്തിനെതിരെ പൊതുജനം ഉണരണമെന്നും ആഹ്വാനം ചെയ്തു. ആറ് നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.