ലോകത്തിലെ വിവിധരാജ്യങ്ങളില്‍ മാസങ്ങളോളമായി നടക്കുന്ന പ്രതിഷേധം അടിച്ചമർത്താനെത്തുന്ന ഭരണകൂടത്തിന് മുന്നില്‍ ചുംബിച്ച് പ്രതിഷേധിക്കുന്ന പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ വൈറലാണ്. 

സാന്തിയാ​ഗോ: കഴിഞ്ഞ കുറച്ച് മാസമായി ലോകത്തിന്റെ വിവിധഭാ​ഗങ്ങളിലായി നിരവധി സർക്കാർവിരുദ്ധ ജനകീയപ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ചിലി, വെനിൻസ്വേല, ജർമനി, ഫ്രാൻസ്, ഹോങ്കാങ്, ചൈന, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ തുടരുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങൾ നടത്തുന്ന സമരം അടിച്ചമർത്താനുള്ള പലവഴികളും ഭരണകൂടവും നോക്കാറുണ്ട്. ജനങ്ങൾ പിരിഞ്ഞുപോകുന്നതിനായി പേപ്പർ‌ സ്പ്രെ, കണ്ണീർവാതകം, ലാത്തി ചാർജ് തുടങ്ങിയ മുറകളെല്ലാം ഭരണകൂടവും പ്രതിഷേധക്കാർക്ക് നേരെ പ്രയോ​ഗിക്കാറുണ്ട്. എന്നാൽ, ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയം തടയാനായി വ്യത്യസ്ത സമരമുറകൾ പ്രതിഷേധക്കാറും പ്രയോ​ഗിക്കാറുണ്ട്.

ലോകത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടയിൽ പ്രതിഷേധക്കാർ തമ്മിലുള്ള റെമാൻസും ഇപ്പോൾ ചർച്ചയാകുകയാണ്. വിവിധ രാജ്യങ്ങളിൽ നടന്ന പ്രതിഷേധപ്രകടനങ്ങളും അതിനിടിയിൽ നടന്ന പ്രണയും ചുംബനങ്ങളും അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുകയാണ് ക്യാമാറാക്കണ്ണുകൾ. പ്രതിഷേധം അടിച്ചമർത്താനെത്തുന്ന ഭരണകൂടത്തിന് മുന്നില്‍ ചുംബിച്ച് പ്രതിഷേധിക്കുന്നവരുടെ ചിത്രങ്ങള്‍ വൈറലാണ്. 

ലോകം അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയുടെ തലസ്ഥാന നഗരിയായ സാന്തിയാ​ഗോയിൽ കഴിഞ്ഞ മൂന്നുമാസമായി നടക്കുന്നത്. ചിലിയിൽ നടന്ന് സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്ന പ്രതിഷേക്കാരിൽ രണ്ടുപേർ തീപ്പിടിച്ചെരിയുന്ന ബാരിക്കേഡിന് സമീപത്തുനിന്നും ചുംബിക്കുന്ന ചിത്രം വൈറലായിരുന്നു.

വെനീസിലെ കരാകസിൽ പ്രസിഡന്റ് നിക്കോളാസ് മാഡുരോ സർക്കാറിനെതിരെയും‌, നിക്കരാ​ഗ്വയിലെ പ്രസിഡന്റ് ഡാനിയൽ ഓർട്ടേ​ഗാസ് സർക്കാറിനെതിരെ മനാ​ഗ്വായിലെ സെൻട്രൽ‌ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് സമീപം നടന്ന പ്രക്ഷോഭത്തിനിടെയും പ്രതിഷേധക്കാർ തമ്മിൽ ചുംബിച്ചിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോകുന്നതിനെതിരെ ജർമ്മനിയിലെ ബെർലിനിൽ യൂറോപ്യൻ യൂണിയൻ പതാകയും യൂണിയൻ ജാക്ക് മുഖത്ത് വരച്ച രണ്ട് പ്രവർത്തകർ ബ്രാൻഡൻബർഗ് ഗേറ്റിന് മുന്നിൽ പരസ്പരം ചുംബിക്കുന്ന ചിത്രവും ഏറെ ചർച്ചയായിരുന്നു.

ഫ്രാൻസിൽ നടന്ന പരമ്പരാഗത ബാസ്റ്റിലേ ഡേ സൈനിക പരേഡിന് ശേഷം ചാംപ്സ് എലിസീസ് അവന്യൂവിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയപ്പോൾ ദമ്പതികൾ ചുംബിച്ചായിരുന്നു സ്വയം രക്ഷനേടിയത്.

ഹോങ്കോങ്ങ് കലാപത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചപ്പോഴും ബെൽജിയത്തിലെ ബ്രസ്സൽസിൽ ഉയർന്ന ഇന്ധനവിലയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസുകാർ തെരുവ് തടയുന്നതിനിടയിലും ദമ്പതികൾ കെട്ടിപ്പിടിക്കുന്ന ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.