മിസ്സിസിപ്പി: കസേരയില്‍ ഇരുത്തി അവര്‍ മടങ്ങിയപ്പോള്‍  ഉപേക്ഷിച്ച് പോയതാണെന്ന് ആ നായക്കുട്ടിക്ക് മനസ്സിലായില്ല. ഉപേക്ഷിച്ചവര്‍ മടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നായക്കുട്ടി കസേരയില്‍ തന്നെ ഇരുന്നു, തന്‍റെ ഉടമസ്ഥര്‍ വരുമെന്ന പ്രതീക്ഷയില്‍. വിശന്ന് വലഞ്ഞിട്ടും കസേരയില്‍ തന്നെ ഇരുന്ന് തന്‍റെ പ്രിയപ്പെട്ടവരുടെ വരവ് പ്രതീക്ഷിച്ച നായക്കുട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഹൃദയം തൊടുകയാണ്. 

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥയായ ഷാരോണ്‍ നോര്‍ട്ടണാണ് ഉപേക്ഷിക്കപ്പെട്ട നായക്കുട്ടിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മിസ്സിസിപ്പിയിലെ ബ്രൂക്ക് ലൈനിലെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നായക്കുട്ടിയെ ഷാരോണ്‍ നോര്‍ട്ടണ്‍ ഏറ്റെടുക്കുകയായിരുന്നു. ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് ഷാരോണ്‍ നായക്കുട്ടിയെ ഉപേക്ഷിച്ച സ്ഥലം തേടിപ്പോയത്. ഭക്ഷണം കിട്ടാതെ അവശനിലയിലായ നായക്കുട്ടിയെ ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. 

നായയോടൊപ്പം കസേരയും എല്‍ ഇ ഡി ടിവിയും ഉപേക്ഷിക്കുന്നതായി കണ്ടെന്ന് ദൃക്സാക്ഷികള്‍  അറിയിച്ചു. ഇപ്പോള്‍ ബ്രൂക്ക് ഹാവന്‍ അനിമല്‍ റെസ്ക്യൂ ബോര്‍ഡിന്‍റെ സംരക്ഷണത്തിലാണ് നായക്കുട്ടി. സംരക്ഷിക്കാന്‍ താത്പര്യമുണ്ടെന്ന് ആരെങ്കിലും അറിയിക്കുകയാണെങ്കില്‍ നായയെ കൈമാറും.