പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ കുവൈറ്റിൽ മൂന്ന് അമേരിക്കൻ എഫ്-15 യുദ്ധവിമാനങ്ങൾ തകർന്നുവീണു. കുവൈറ്റ് വ്യോമസേനയുടെ ഭാഗത്തുനിന്നുണ്ടായ സൗഹൃദ വെടിവെപ്പാണ് അപകടകാരണമെന്ന് റിപ്പോർട്ട്. പക്ഷേ ഇറാൻ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈറ്റിൽ മൂന്ന് അമേരിക്കൻ എഫ്-15 യുദ്ധവിമാനങ്ങൾ തകർന്നുവീണത് സഖ്യകക്ഷിയായ കുവൈറ്റിന്‍റെ തന്നെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിലാണെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഈ ദൗർഭാഗ്യകരമായ സംഭവത്തിന് പിന്നിൽ കുവൈറ്റ് വ്യോമസേനയുടെ എഫ്/എ-18 പോർവിമാനമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'ക്ക് ശേഷം ആദ്യമായാണ് അമേരിക്കയ്ക്ക് ഇത്രയും വലിയൊരു വ്യോമനഷ്ടം സംഭവിക്കുന്നത്. അപകടത്തിൽപ്പെട്ട വിമാനങ്ങളിലെ പൈലറ്റുമാർ പാരച്യൂട്ട് വഴി സുരക്ഷിതമായി രക്ഷപ്പെട്ടതായാണ് വിവരം.
ഇറാനിൽ നിന്നുള്ള ഡ്രോണുകളും മിസൈലുകളും കുവൈറ്റ് വ്യോമാതിർത്തി ലംഘിച്ച പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലായിരുന്ന കുവൈറ്റ് സൈന്യം, അമേരിക്കൻ വിമാനങ്ങളെ ശത്രുവിമാനങ്ങളായി തെറ്റിദ്ധരിക്കുകയായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം ശുഐബ തുറമുഖത്തെ യുഎസ് കമാൻഡ് സെന്‍ററിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടത് കുവൈറ്റ് സൈന്യത്തെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈ സംഘർഷാവസ്ഥയ്ക്കിടയിലാണ് തിരിച്ചറിയൽ സംവിധാനങ്ങളിലെ പാളിച്ച മൂലം അമേരിക്കൻ എഫ്-15 വിമാനങ്ങൾ വെടിവെച്ചിട്ടത്. വിമാനങ്ങൾ തകർന്നുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അന്വേഷണം തുടങ്ങി
അമേരിക്കയുടെ സെൻട്രൽ കമാൻഡ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങൾ ശത്രുപക്ഷമല്ല വെടിവെച്ചിട്ടതെന്ന് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്ൻ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. അത്യാധുനികമായ തിരിച്ചറിയൽ സംവിധാനങ്ങൾ അമേരിക്കൻ വിമാനങ്ങളിൽ ഉണ്ടായിരിക്കെ, സഖ്യകക്ഷികൾക്ക് എങ്ങനെ ഇത്തരമൊരു അബദ്ധം സംഭവിച്ചു എന്നത് പ്രതിരോധ വിദഗ്ധരെ അമ്പരപ്പിക്കുന്നുണ്ട്. ശത്രുതയില്ലാത്ത രീതിയിൽ പറന്നിരുന്ന വിമാനങ്ങളെ ലക്ഷ്യം വെച്ചത് ഗുരുതരമായ പിഴവായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, വിമാനങ്ങൾ തങ്ങൾ വെടിവെച്ചിട്ടതാണെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ ഇറാൻ കനത്ത തിരിച്ചടിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകൾ കൂടി യുദ്ധത്തിൽ പങ്കുചേർന്നതോടെ കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഭീതി പടരുകയാണ്. നിലവിൽ ഇരൂനൂറോളം വിമാനങ്ങൾ പങ്കെടുക്കുന്ന വിപുലമായ സൈനിക നീക്കമാണ് അമേരിക്കയുടെ നേതൃത്വത്തിൽ പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.


