റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യം ​ഗുരുതരാവസ്ഥയിലാണെന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു. പുടിന് അർബുദമടക്കമുള്ള രോ​ഗങ്ങളുടെ പിടിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

മോസ്കോ: വിദേശ യാത്രകളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ (Russian president Vladimir Putin) മലവും മൂത്രവും ശേഖരിച്ച് സംസ്കരിക്കുന്നതിനായി പ്രത്യേക സൈനികരെ നിയോ​ഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ഫോക്‌സ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. പുട്ടിന്റെ ആരോഗ്യ സ്ഥിതി മറ്റാരും അറിയാതിരിക്കാനും ശത്രുക്കളുടെ കൈകളിലെത്തിതാതിരിക്കാനുമാണ് വിസർജ്യം പ്രത്യേക ഉദ്യോ​ഗസ്ഥർ ശേഖരിച്ച് സംസ്കരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫ്രഞ്ച് വാർത്താ മാസികയായ പാരീസ് മാച്ചിലെ രണ്ട് മുതിർന്ന അന്വേഷണാത്മക പത്രപ്രവർത്തകരാണ് സംഭവം ആ​ദ്യമായി റിപ്പോർട്ട് ചെയ്തത്.

പിന്നീട് മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ഫെഡറൽ ഗാർഡ് സർവീസിലെ ഉദ്യോ​ഗസ്ഥൻ പുടിന്റെ മലമൂത്രവിസർജ്ജനം ശേഖരിച്ച് മോസ്കോയിലേക്ക് തിരിച്ചയക്കുന്ന ഒരു സ്യൂട്ട്കേസ് വഹിക്കുന്നുണ്ടെന്ന് ഫ്രഞ്ച് പ്രസിദ്ധീകരണം വെളിപ്പെടുത്തി. ശരീര മാലിന്യങ്ങൾ പ്രത്യേക പാക്കറ്റുകളിലായാണ് ശേഖരിക്കുന്നതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് പറഞ്ഞു

ആരോഗ്യത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കൈകളിൽ എത്തുമോയെന്ന് പുടിൻ ഭയപ്പെടുന്നെന്നും റഷ്യയിൽ അധികാര കൈമാറ്റമുണ്ടാകില്ലെന്നും തന്റെ അവസാനം വരെ റഷ്യ ഭരിക്കും എന്നും ഉയർത്തിക്കാട്ടാൻ പുടിൻ ശ്രമിക്കുന്നതായി ഡോക്ട്രിൻ & സ്ട്രാറ്റജി കൺസൾട്ടിംഗ് പ്രസിഡന്റും മുൻ ഡിഐഎ ഇന്റലിജൻസ് ഓഫീസറുമായ റെബേക്ക കോഫ്‌ലർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. 2017 മെയ് 29 ന് പുടിന്റെ ഫ്രാൻസ് സന്ദർശന വേളയിലും 2019 ഒക്ടോബറിലെ സൗദി യാത്രയിലും വിസർജ്യം ശേഖരിച്ചിട്ടുണ്ടെന്ന് റഷ്യയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ രചിച്ച റെജിസ് ജെന്റേയും പറഞ്ഞു. 

റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യം ​ഗുരുതരാവസ്ഥയിലാണെന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു. പുടിന് അർബുദമടക്കമുള്ള രോ​ഗങ്ങളുടെ പിടിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.