മോസ്കോ: റഷ്യ നിര്‍മ്മിച്ച സ്പുട്നിക്ക് 5 കൊവിഡ് വാക്സിന്‍റെ വ്യാപക ഉപയോഗം അടുത്താഴ്ച ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലഡമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി. 2 ദശലക്ഷം വാക്സിനുകളാണ് അടുത്ത ദിവസങ്ങളില്‍ ഇതിനായി റഷ്യ ഉത്പാദിപ്പിക്കാന്‍ പോകുന്നത് എന്നാണ് പുടിന്‍ പറയുന്നത്. സ്പുട്നിക്ക് 5ന്‍റെ ടെസ്റ്റുകളില്‍ ഈ വാക്സിന്‍ കൊവിഡിനെതിരെ 92 ശതമാനം ഫലവത്താണ് എന്ന് കണ്ടെത്തിയെന്നാണ് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നത്.

അടുത്തവാരം മുതല്‍ വാക്സിനേഷന്‍ ആരംഭിക്കാന്‍ പുടിന്‍ നിര്‍ദേശിച്ച കാര്യം ഡെപ്യൂട്ടി പ്രധാനമന്ത്രി ടാറ്റിയാന ഗോളിക്കോവയാണ് അറിയിച്ചത്. വളണ്ടിയേര്‍സില്‍ ആയിരിക്കും ആദ്യത്തെ വ്യാപക വാക്സിനേഷന്‍ നടത്തുക എന്നാണ് ഉപ പ്രധാനമന്ത്രി അറിയിക്കുന്നത്. നവംബര്‍ 27ന് റഷ്യയില്‍ 25,343 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശികമായി കൊവിഡ് രണ്ടാം വരവ് തടയാന്‍ ലോക്ക് ഡൌണ്‍ പോലുള്ള നടപടികള്‍ റഷ്യന്‍ ഭരണകൂടം നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച റഷ്യയിലെ കൊവിഡ് മരണം ദിവസേന 589 എന്ന നിലയിലായിരുന്നു.

നേരത്തെ തന്നെ റഷ്യ കൊവിഡ് വാക്സിന്‍ വികസിപ്പിച്ചു എന്ന കാര്യം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവിധ രാജ്യങ്ങളുമായി ഇതിന്‍റെ നിര്‍മ്മാണവും വിതരണവും ചര്‍ച്ച ചെയ്തിരുന്നു. അതേ സമയം റഷ്യന്‍ വാക്സിന്‍റെ ആദ്യ ഗുണഭോക്താക്കളും മുന്‍ഗണനയില്‍ ഉള്ളവരും റഷ്യക്കാരായിരിക്കും എന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. റഷ്യയിലെ വാക്സിന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു, ഇത് തന്നെ റഷ്യക്കാര്‍ക്ക് എല്ലാം എത്തിക്കാന്‍ സാധിക്കും- സര്‍ക്കാര്‍ വക്താവ് പറഞ്ഞു.