റഷ്യൻ ഡീസലിന് മേലുള്ള ഉപരോധങ്ങളിൽ ട്രംപ് ഇളവ് നൽകുകയും യുക്രെയ്നുള്ള സ്റ്റാർലിങ്ക് സേവനം റദ്ദാക്കുകയും ചെയ്തു. ഇതിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ചൈനയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഉച്ചകോടിക്ക് പുടിൻ നിർദ്ദേശം നൽകി. യുക്രെയ്നെ ഒഴിവാക്കിയുള്ള ഈ ചർച്ചകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ലിൻഡ്സേ ഗ്രഹാം ചട്ടം ഉദ്ധരിച്ച്, ദേശീയ താൽപര്യം മുൻനിർത്തി, ഇന്ധനവിലക്കയറ്റം ചെറുക്കാനുള്ള നടപടിയെന്ന വണ്ണം ട്രംപ്, റഷ്യൻ ഡീസലിന് മേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകി. ഇനി യുഎസിനും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാം. അതേസമയം മോസ്കോയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങളും ട്രംപ് ചുമത്തിയിട്ടുണ്ട്. ഇതിനിടെ ട്രംപ്, യുക്രെയ്നുള്ള സ്റ്റാർലിങ്ക് സേവനങ്ങളും റദ്ദ് ചെയ്തു. ഇതോടെ യുക്രെയ്ൻ റഷ്യയുടെ യുദ്ധമുഖത്ത് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. സ്റ്റാർ ലിങ്ക് സേവനം തടസപ്പെട്ടതോടെ യുക്രെയ്ൻറെ വ്യോമപ്രതിരോധ സംവിധാനങ്ങളും തടസ്സപ്പെട്ടു. അതോടെ റഷ്യൻ ഡ്രോണാക്രമണങ്ങളെ തടുക്കാനും യുക്രെയ്ൻ പെടാപാടുപെടുകയാണ്. ഇതിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി.
ത്രിരാഷ്ട്രാ ഉച്ചകോടി
യുക്രെയ്ൻ യുദ്ധത്തിന് അവസാനം കാണുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും പങ്കെടുപ്പിച്ച് ത്രികക്ഷി ഉച്ചകോടി നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിർദേശിച്ചതായി റിപ്പോർട്ടുകൾ. അതേസമയം മോസ്കോയ്ക്ക് അനുകൂലമായ സമാധാന ധാരണയിലെത്തുകയാണ് പുടിന്റെ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് ദ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം (നവംബർ 18, 19) ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനാണ് ആലോചനയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, ട്രംപ് ഇതിന് അന്തിമ സമ്മതം നൽകിയിട്ടില്ല. അതേസമയം കൂടിക്കാഴ്ചയുടെ തീയതിയിലോ അജൻഡയിലോ വ്യക്തമായ ധാരണയായിട്ടില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവും വ്യക്തമാക്കി. ഒക്ടോബർ ഒമ്പതിന് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ നിർദേശം മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്. അമേരിക്ക റഷ്യൻ ഡീസൽ വാങ്ങുന്നതും ആഗോള വിപണിയിൽ അതിന്റെ വിൽപ്പന സുഗമമാക്കുന്നതും സംബന്ധിച്ച ധാരണയും സംഭാഷണത്തിലുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
യുക്രെയ്നില്ലാത്ത ചർച്ച, വിമർശനം
ഇതിനിടെ റഷ്യക്കെതിരായ ചില ഉപരോധ നടപടികൾ മരവിപ്പിച്ച ട്രംപിന്റെ തീരുമാനം വിമർശനത്തിന് ഇടയാക്കി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെയും യൂറോപ്യൻ നേതാക്കളെയും ഒഴിവാക്കി യുക്രെയ്ൻ യുദ്ധഭാവി സംബന്ധിച്ച് ചർച്ച നടത്തുന്നത് ആശങ്ക ഉയർത്തുന്നു. യുക്രെയ്ൻ നേരിട്ട് പങ്കെടുക്കാത്ത ധാരണ രാജ്യത്തിന്റെ താൽപര്യങ്ങളെ ബാധിക്കുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം. അതേസമയം, ഉച്ചകോടിക്കിടയിലേക്ക് ചൈനയ്ക്കുള്ള ക്ഷണം, ആഗോള നയതന്ത്ര ശക്തിയായി സ്വയം ഉയർത്തിക്കാട്ടാനുള്ള ചൈനയുടെ അവസരമായും കൂടിക്കാഴ്ചയെ വിലയിരുത്തപ്പെടുന്നു. റഷ്യയുമായുള്ള ബന്ധം നിലനിർത്തുന്നതിനൊപ്പം യൂറോപ്പുമായുള്ള സാമ്പത്തിക ബന്ധവും സംരക്ഷിക്കേണ്ട വെല്ലുവിളി ഷി ജിൻ പിങ്ങിനുണ്ട്. അതേസമയം ത്രിരാഷ്ട്രാ ഉച്ചകോടി നടക്കുമോ, യുദ്ധം അവസാനിപ്പിക്കാൻ ഫലപ്രദമായ ചർച്ചയ്ക്ക് അത് വഴിവയ്ക്കുമോ എന്നുള്ള കാര്യങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.


