ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയുമായി ഉണ്ടാക്കിയ ആണവായുധ കരാറില്‍ നിന്ന് റഷ്യ പിന്മാറുമെന്ന് പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍.

സെന്‍റ് പീറ്റേഴ്സ്ബെര്‍ഗ്: ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയുമായി ഉണ്ടാക്കിയ ആണവായുധ കരാറില്‍ നിന്ന് റഷ്യ പിന്മാറുമെന്ന് പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. 2021ല്‍ കാലാവധി തീരുന്ന ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കാന്‍ അമേരിക്ക താല്‍പര്യം കാണിക്കുന്നില്ലെന്ന് പുടിന്‍ കുറ്റപ്പെടുത്തി.

റഷ്യന്‍ പ്രസിഡിന്‍റായിരുന്ന ദിമിത്രി മെദ്വദേവും അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയും ഒപ്പുവച്ച കരാറാണ് 2021ല്‍ കരാര്‍ തീരുന്നത്. റഷ്യ 30 ശതമാനം, അമേരിക്ക 25 ശതമാനം എന്നിങ്ങനെ ആണവായുധങ്ങള്‍ കുറയ്ക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ.

കരാര്‍ തുടരാമെന്ന് റഷ്യ പലവട്ടം താല്‍പര്യം പ്രകടിപ്പിച്ചിട്ടും അമേരിക്ക താല്‍പര്യം കാണിക്കാതിരിക്കുകയാണെന്നും സെന്‍റ് പീറ്റേഴ്സ്ബെര്‍ഗില്‍ നടന്ന എക്കണോമിക് ഫോറത്തില്‍ സംസാരിക്കവെ പുടിന്‍ പറഞ്ഞു.

റഷ്യയുമായുള്ള മധ്യദൂര ആണവശക്തി കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്കയുയര്‍ത്ത് റഷ്യയും രംഗത്തെത്തുന്നത്. ആണവായുധ നിയന്ത്രണ വിഷയത്തിലെ അമേരിക്കയുടെ ഇത്തരം നിലപാടുകള്‍ക്ക് ലോകം വലിയ വിലകൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി.