പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിന്റെ വരുമാനത്തിൽ 42 ശതമാനം ഇടിവുണ്ടായതായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വ്യക്തമാക്കി. ഏത് മോശം സാഹചര്യത്തെയും നേരിടാൻ ഒരുങ്ങണമെന്ന് അദ്ദേഹം ഷൂറാ കൗൺസിലിൽ ആഹ്വാനം ചെയ്തു

ഖത്തർ സിറ്റി: ഏത് മോശം സാഹചര്യത്തെയും നേരിടാൻ ഒരുങ്ങണമെന്ന സുപ്രധാന സന്ദേശവുമായി ഖത്തർ അമീർ. വ്യക്തികളും സ്ഥാപനങ്ങളും ഉത്തരവാദിത്തങ്ങൾ ഏറ്റെടക്കാൻ തയാറാകണമെന്നും ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ മേഖലയിൽ പടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്, ഖത്തർ ഷൂറാ കൺസിലിൽ അദ്ദേഹം സുപ്രധാന പ്രസ്താവന നടത്തിയത്. ഈ വർഷത്തെ ആദ്യ പകുതിയിൽ യുദ്ധം കാരണം 42 ശതമാനമാണ് ഖത്തറിന്റെ വരുമാനം ഇടിഞ്ഞത്. യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങിയെത്താനാണ് ശ്രമിക്കുന്നതെന്നും, ഖത്തർ കരുത്തോടെ ചുമതലകൾ നിർവഹിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വികസന പദ്ധതികൾ മുടങ്ങില്ല

ലോകത്തെയും മേഖലയേയും ഖത്തറിനേയും ഒരുപോലെ ബാധിച്ച അസാധാരണ സംഭവങ്ങൾക്കാണ് നാം സാക്ഷിയായത് എന്ന് പറഞ്ഞാണ് ഖത്തർ അമീർ ഷൂറാ കൗൺസിൽ പ്രസംഗം തുടങ്ങിയത്. ദേശീയ വരുമാനം 42 ശതമാനം ഇടിഞ്ഞു. ചെലവ് 14 ശതമാനം കുറഞ്ഞു. യുദ്ധത്തിന് മുൻപുണ്ടയിരുന്ന സ്ഥിതിയിലേക്ക് തിരികെയെത്താനാണ് ശ്രമിക്കുന്നത്. യുദ്ധമുണ്ടാക്കിയ പ്രതിസന്ധികളുടെ ഗൗരവം ഇത് വ്യക്തമാക്കുന്നു. ലോകത്തിനാവശ്യമായ അഞ്ചിലൊന്ന് പ്രകൃതി വാതകം ഖത്തറാണ് നൽകുന്നത്. അതിനാൽ ഇത്തരം തടസ്സങ്ങൾ ലോക വിപണിയിൽ അതിവേഗം ബാധിക്കുന്നു. പരമാധികാരം സംരക്ഷിച്ച്, ജനങ്ങളെയും ഊർജ്ജ സുരക്ഷയെയും സുരക്ഷിതമാക്കാനും ഒപ്പം ചർച്ചകൾക്ക് വഴിയൊരുക്കാനും ഖത്തർ പ്രയത്നിച്ചു. കരുത്തോടെ നിന്ന സായുധ സേനകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഖത്തർ അമീർ അഭിനന്ദനം അറിയിച്ചു. യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്ഥിതി തിരികെ കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. എല്ലാ മോശം സാഹചര്യങ്ങളെയും നേരിടാൻ ഒരുങ്ങണം. വ്യക്തികളും സ്ഥാപനങ്ങളും ഇതിന് തയാറാകണമെന്നും ഖത്തർ ഷൂറാ കൗൺസിലിൽ ഖതതർ അമീർ പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും ഖത്തറിന്റെ ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് 2.9 ശതമാനം വളർച്ച നേടാൻ കഴിഞ്ഞു. അതേസമയം വികസന പദ്ധതികളുമായി മുന്നോട്ട് തന്നെയന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. നോർത്ത് ഫീൽഡ് ഗ്യാസ് പദ്ധതിയുമായി മുന്നോട്ടു തന്നെ. അമേരിക്കയുമായി ചേർന്നുള്ള ഗോൾഡൻ പാസ് ഊർജ്ജ പദ്ദതിയും അതിവേഗം മുന്നോട്ട് പോകുമെന്നും ഖത്തർ വ്യക്തമാക്കി. അഞ്ച് വർഷത്തിനകം 22,100 കോടി റിയാലിന്റെ പദ്ധതികളും ഖത്തർ പ്രഖ്യാപിച്ചു.