ലണ്ടന്‍: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ബ്രിട്ടീഷ് ജനത വിജയിക്കുമെന്ന് എലിസബത്ത് രാജ്ഞി. വൈറസ് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറാൻ രാജ്ഞി ജനങ്ങൾക്ക് ആഹ്വാനം നൽകി. അറുപത്തിയെട്ട് വർഷത്തിനിടെ ഇത് അഞ്ചാമതാണ് രാജ്ഞി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

കൊവിഡ് രോഗം ബ്രിട്ടനെയാകെ പിടിച്ചുലച്ച സാഹചര്യത്തിലാണ് എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് ജനതയ്ക്ക് ആത്മ വിശ്വാസം പകരാൻ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. അതിവേഗത്തിലാണ് ബ്രിട്ടണിൽ രോഗം പടരുന്നത്. എല്ലാ വ്യാഴാഴ്ചയും ബ്രിട്ടീഷ് ജനത ആരോഗ്യപ്രവർത്തകരെ കൈയ്യടിച്ച് അഭിനന്ദിക്കുന്നത് രാജ്‍‍ഞി അഭിസംബോധനയിൽ എടുത്തു പറഞ്ഞു. കൊട്ടാരത്തിലെ ജീവനക്കാരനും ചാൾസ് രാജകുമാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ വിൻഡ്സർ കൊട്ടാരത്തിലാണ് രാജ്‍‍ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും താമസിക്കുന്നത്. ഇതിൽ ചാൾസ് രാജകുമാരൻ രോഗ മുക്തി നേടി.

കിരീടധാരണം കഴിഞ്ഞുള്ള 68 വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് രാജ്‍‍ഞി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. വിൻഡ്സർ കൊട്ടാരത്തിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശം ടെലിവിഷൻ റേഡിയോ എന്നിവയിലൂടെ പുറത്ത് വിടുകയായിരുന്നു. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലായിരുന്നു ചിത്രീകരണം. നമ്മൾ വീണ്ടും കാണും എന്ന് എടുത്തു പറഞ്ഞാണ് രാജ്‍‍ഞി അഭിസംബോധന അവസാനിപ്പിച്ചത്.