വിവേക് രാമസ്വാമി പത്താം വിവാഹ വാർഷികത്തിൽ ഭാര്യ അപൂർവയെ കുറിച്ച് പങ്കുവച്ച പോസ്റ്റിന് താഴെയാണ് കുടിയേറ്റ വിരുദ്ധമായ കമന്‍റുകൾ
വാഷിങ്ടണ്‍: സംരംഭകനും റിപബ്ലിക്കൻ പാർട്ടി നേതാവുമായ വിവേക് രാമസ്വാമി വിവാഹ വാർഷികത്തിൽ പങ്കിട്ട പോസ്റ്റിന് താഴെ വംശീയാധിക്ഷേപ കമന്‍റുകൾ. ഇന്ത്യയിലേക്ക് മടങ്ങിക്കോ, നാടുകടത്തണം എന്നെല്ലാമാണ് ചില കമന്‍റുകൾ. എച്ച്-1ബി വിസ സംബന്ധിച്ച വിവാദങ്ങളാണ് പ്രതിഷേധത്തിന് കാരണം.
വിവേക് രാമസ്വാമി പത്താം വിവാഹ വാർഷികത്തിൽ ഭാര്യ അപൂർവയെ കുറിച്ച് പങ്കുവച്ച പോസ്റ്റിന് താഴെയാണ് കുടിയേറ്റ വിരുദ്ധമായ കമന്‍റുകൾ. അപൂർവയുമൊത്തുള്ള രണ്ട് ചിത്രങ്ങളാണ് വിവേക് രാമസ്വാമി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. 2011ൽ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന അപൂർവയുമായുള്ള ആദ്യ കാല കൂടിക്കാഴ്ചയെ കുറിച്ചാണ് പോസ്റ്റ്. റോക്കീസിലെ ഫ്ലാറ്റോപ്പ് പർവതനിരകളിൽ നടത്തിയ ട്രക്കിംഗിനെ കുറിച്ചും പരാമർശിച്ചു.
"മഞ്ഞുവീഴ്ചക്കിടെ ഞങ്ങൾ കൊടുമുടിയുടെ തൊട്ടടുത്തെത്തി. ഇനിയും മുന്നോട്ടു പോകാൻ ഞാൻ ശാഠ്യം പിടിച്ചു. അവൾ എന്റെ കൈ പിടിച്ചു എന്റെ കണ്ണുകളിലേക്ക് നോക്കി. ഈ യാത്ര പൂർത്തിയാക്കാൻ ഒരു ജീവിതകാലം മുഴുവൻ മുന്നിലുണ്ടെന്ന് പറഞ്ഞു. 14 വർഷമായി ആ കൂടിക്കാഴ്ച നടന്നിട്ട്. രണ്ട് കുട്ടികളുമായി 10 ആം വിവാഹ വാർഷികം ആഘോഷിക്കാൻ ഞങ്ങൾ അവിടെ തിരിച്ചെത്തി. സ്നേഹത്തിനും ഒരുമിച്ചുള്ള യാത്രയ്ക്കും നന്ദി" - വിവേക് രാമസ്വാമി കുറിച്ചു.
നിങ്ങളുടെ മാതൃരാജ്യത്ത് പർവതങ്ങളില്ലേ തിരിച്ചുപോകൂ, ബാക്കി അവിടെ ട്രക്ക് ചെയ്തോ, നിങ്ങളെ നാടുകടത്തണം എന്നെല്ലാമാണ് പോസ്റ്റിന് താഴെയുള്ള കമന്‍റുകൾ. എന്തുകൊണ്ടാണ് ഇരുണ്ടതായി തോന്നുന്നത്, മുഖം ബ്ലീച്ച് ചെയ്യാറില്ലേ എന്നിങ്ങനെ നിറത്തെ അധിക്ഷേപിച്ചും കമന്‍റുകളുണ്ട്. അമേരിക്കക്കാർക്ക് ജോലിയില്ലാതാക്കാനും കുറഞ്ഞ ശമ്പളത്തിൽ ഇന്ത്യക്കാരെ എത്തിച്ച് നിയമനം നടത്താനും വിവേക് രാമസ്വാമി ശ്രമിക്കുന്നു എന്നാണ് വംശീയ കമന്റുകളിടുന്നവരുടെ ആരോപണം.
ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി, 2023ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.


