പാക് സൈനിക മേധാവി ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ ഇമ്രാൻ ഖാൻ സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചെന്നാണ് അലീമ പറഞ്ഞത്. അസിം മുനീറിനെ തീവ്ര ഇസ്ലാമിസ്റ്റ് എന്നും അലീമ വിശേഷിപ്പിച്ചു.

ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീർ ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി അലീമ ഖാൻ. പാക് സൈനിക മേധാവി ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ ഇമ്രാൻ ഖാൻ സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചെന്നാണ് അലീമ പറഞ്ഞത്. അസിം മുനീറിനെ തീവ്ര ഇസ്ലാമിസ്റ്റ് എന്നും അലീമ വിശേഷിപ്പിച്ചു. സ്കൈ ന്യൂസിനോട് സംസാരിക്കുമ്പോഴാണ് അലീമയുടെ പ്രതികരണം.

മെയ് മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന് കാരണമെന്താണെന്ന് ചോദിച്ചപ്പോഴാണ് അസിം മുനീറിനെതിരെ അലീമ ആഞ്ഞടിച്ചത്- "അസിം മുനീർ തീവ്ര ഇസ്ലാമിസ്റ്റും ഇസ്ലാമിക യാഥാസ്ഥിതികനുമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിൻ്റെ തീവ്രവാദ ചിന്തയും യാഥാസ്ഥിതികതയും ഇസ്ലാമിൽ വിശ്വസിക്കാത്തവർക്കെതിരെ പോരാടാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു"

തൻ്റെ സഹോദരൻ ഇമ്രാൻ ഖാനെ തികഞ്ഞ ലിബറൽ എന്നാണ് അലീമ വിളിച്ചത്- "ഇമ്രാൻ ഖാൻ എപ്പോഴെല്ലാം അധികാരത്തിൽ വരുന്നുവോ, അപ്പോഴെല്ലാം അദ്ദേഹം ഇന്ത്യയുമായും ബിജെപിയുമായും സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ ഈ തീവ്ര നിലപാടുകാരനായ അസിം മുനീറിന് അധികാരമുള്ളപ്പോൾ ഇന്ത്യയുമായി യുദ്ധമുണ്ടാകും" ഇമ്രാനെ മോചിപ്പിക്കാൻ ഇടപെടണമെന്ന് പാശ്ചാത്യ രാജ്യങ്ങളോട് അലീമ അഭ്യർത്ഥിച്ചു.

ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തിന് മറുപടിയായാണ് മെയ് 7 ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. നേപ്പാൾ പൗരൻ ഉൾപ്പെടെ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകര ആക്രമണമാണ് പഹൽഗാമിൽ നടന്നത്. ഈ സംഭവമാണ് അലീമ ചൂണ്ടിക്കാട്ടിയത്.

ഇമ്രാൻ ഖാനെ ജയിലിൽ സന്ദർശിച്ച് സഹോദരി

കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് മറ്റൊരു സഹോദരിയായ ഡോ. ഉസ്മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഇമ്രാനെ കണ്ടത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ജയിൽ അധികൃതർ ശ്രമിക്കുകയാണെന്നും ഉസ്മ പറഞ്ഞു. നൂറുകണക്കിന് പിടിഐ പ്രവർത്തകർക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് അകത്തു കടക്കാൻ അനുവദിച്ചത്. ഒക്ടോബർ 27ന് ശേഷം ആദ്യമായാണ് ഇമ്രാനെ കാണാൻ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി നിഷേധിച്ചതോടെ , ഇമ്രാൻ മരിച്ചെന്ന അഭ്യൂഹം ഉയർന്നിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിലടക്കം പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ വഴങ്ങിയത്.

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്നും മൃതദേഹം ജയിലിൽ നിന്നും മാറ്റിയെന്നുമടക്കം നേരത്തെ പ്രചരിച്ചിരുന്നു. സഹോദരിമാർക്ക് അടക്കം ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതോടെയാണ് മരിച്ചുവെന്ന രീതിയിൽ പ്രചരിച്ചത്. ഇതോടെ ഇമ്രാൻ അനുയായികൾ തെരുവിലിറങ്ങി. ഇമ്രാൻ ഖാൻ ജീവനുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും പി.ടി.ഐ. പ്രവർത്തകരും പ്രതിഷേധം ശക്തമാക്കി.

കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഇമ്രാൻ ഖാന്റെ മറ്റൊരു സഹോദരിയായ അലീമ ഖാൻ നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ആഴ്ചയിൽ 2 തവണ ഇമ്രാന് ബന്ധുക്കളെയും മറ്റും കാണാൻ അവസരമൊരുമെന്നായിരുന്നു ഇസ്‌ലാമാബാദ് ഹൈക്കോടതി മാർച്ചിൽ നിർദ്ദേശിച്ചിരുന്നത്. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും കൂടിക്കാഴ്ചകൾ നിഷേധിക്കുന്നത് ഇമ്രാൻ ഖാന്റെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും പ്രചാരമുണ്ടായി. ഇതിനിടെയാണ് പി.ടി.ഐ. പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടയിൽ ഉസ്മ ഖാനത്തിന് ഇമ്രാൻ ഖാനെ സന്ദർശിക്കാൻ ജയിൽ അധികൃതർ അനുമതി നൽകിയത്.