സഭയ്ക്കുള്ളിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും സഭയും ഇതര സഭകളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും ക്രൈസ്തവരും ഇതര മതങ്ങളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും മാർപ്പാപ്പ തുർക്കി, ലെബനൻ യാത്രയിലുടനീളം സംസാരിച്ചു
ബെയ്റൂട്ട്: ആഗോള ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപ്പാപ്പ. സഭകൾക്കിടയിലെ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറക്കാനും സമാധാനത്തിനായി ഒന്നിച്ച് നിൽക്കാനുമാണ് ആഹ്വാനം. ഇസ്രയേൽ - പലസ്തീൻ പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്രം മാത്രമാണ് പോംവഴിയെന്നും മാർപ്പാപ്പ അടിവരയിട്ടു. തുർക്കി, ലെബനൻ സന്ദർശനത്തിനിടെയാണ് മാർപ്പാപ്പയുടെ പ്രഖ്യാപനം.
സഭയ്ക്കുള്ളിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും സഭയും ഇതര സഭകളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും ക്രൈസ്തവരും ഇതര മതങ്ങളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും മാർപ്പാപ്പ തുർക്കി, ലെബനൻ യാത്രയിലുടനീളം സംസാരിച്ചു. സഭയും ഇതര സഭകളും തമ്മിൽ ഐക്യമുണ്ടാവണമെന്നും പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.
തുർക്കിയിലെ മുസ്ലിം പള്ളിയിൽ മാർപ്പാപ്പ സന്ദർശനം നടത്തി. അക്രമത്തെ ന്യായീകരിക്കാൻ പോലും മതത്തെ ഉപയോഗിക്കുന്ന കാലത്ത് യഥാർത്ഥ മതവിശ്വാസികൾ തമ്മിൽ സാഹോദര്യമുണ്ടാകണമെന്ന് മാർപ്പാപ്പ എടുത്തു പറഞ്ഞു. ലെബനോനിലേക്ക് പോകുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി. ഇസ്രയേൽ - പലസ്തീൻ സംഘർഷത്തെ കുറിച്ച് ചോദിച്ചപ്പോൾ രണ്ട് രാജ്യങ്ങളുണ്ടാവുക എന്നത് മാത്രമാണ് ഏക പരിഹാരമെന്നാണ് സഭയുടെ എക്കാലത്തെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു- "ഇപ്പോഴും ഇസ്രയേൽ ആ പരിഹാരം അംഗീകരിക്കുന്നില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ അതാണ് ഒരേയൊരു പരിഹാരമെന്ന് ഞങ്ങൾ കരുതുന്നു"
മാർപ്പാപ്പയുടെ ആദ്യ വിദേശ യാത്ര
ലെബനനിൽ മൂന്ന് ദിവസത്തെ സന്ദർശനമാണ് പോപ്പ് നടത്തുക. മാതൃരാജ്യത്ത് തുടരുന്നതും സ്നേഹത്തിനും സമാധാനത്തിനുമായി പ്രവർത്തിക്കുന്നതും ഏറെ വിലപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം കെട്ടിപ്പടുക്കാൻ സ്ഥിരോത്സാഹം ആവശ്യമാണ്. ജീവൻ സംരക്ഷിക്കാനും സ്ഥിരോത്സാഹം ആവശ്യമാണെന്ന് മാർപ്പാപ്പ വിശദീകരിച്ചു. മേഖലയിലുടനീളം സമാധാന ദൂതനായാണ് താൻ എത്തിയിരിക്കുന്നതെന്നും പോപ്പ് പറഞ്ഞു.
മെയ് മാസത്തിൽ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പോപ്പിന്‍റെ ആദ്യ വിദേശ യാത്രയാണിത്. ലെബനോനിൽ പോപ്പ് സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരെ കാണുകയും മതാന്തര സമ്മേളനത്തിൽ പങ്കെടുക്കുകയും ബെയ്റൂട്ടിൽ ദിവ്യബലി അർപ്പിക്കുകയും ചെയ്യും. പോപ്പിനെ വരവേൽക്കാൻ ലെബനൻ, വത്തിക്കാൻ പതാകകൾ പിടിച്ച് വലിയ ജനക്കൂട്ടം തെരുവുകളിൽ അണിനിരന്നു. ഇസ്രയേൽ-പലസ്തീൻ, യുക്രെയ്ൻ-റഷ്യ സംഘർഷങ്ങളെ കുറിച്ച് തുർക്കി പ്രസിഡന്‍റ് എർദോഗനും ചർച്ച ചെയ്തതായി പോപ്പ് പറഞ്ഞു. രണ്ട് യുദ്ധങ്ങളും അവസാനിപ്പിക്കാൻ തുർക്കിക്ക് ഒരു പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്നും മാർപ്പാപ്പ പറഞ്ഞു.


