ഗ്ലാസ് നിര്‍മിത ജ്യൂസ് കപ്പുമായി പടികള്‍ ഇറങ്ങുന്നതിനിടയില്‍ കുഴഞ്ഞു വീണ ഇവരുടെ കണ്ണിലേക്ക് കപ്പിലുണ്ടായിരുന്ന സ്ട്രോ തുളച്ച് കയറുകയുമായിരുന്നു.
ഹാംപ്ഷെയര്‍: സ്ടോ കുത്തിക്കയറി മുന്‍ റേഡിയോ ജോക്കിക്ക് ദാരുണാന്ത്യം. പരിസ്ഥിതി സൗഹാര്‍ദ്ദകരമാക്കാന്‍ ഉപയോഗിച്ച ലോഹ നിര്‍മ്മിത സ്ട്രോ അബദ്ധത്തില്‍ കണ്ണില്‍ തുളച്ചു കയറിയാണ് സംഭവം. നവംബറില്‍ സംഭവിച്ച അപകടത്തിന് പിന്നാലെ എലേന ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
കണ്ണിലൂടെ തുളച്ചുകയറിയ സ്ട്രോ ലണ്ടന്‍ സ്വദേശിയും അറുപതുകാരിയായ എലേനയുടെ തലയോട്ടിക്കും കാര്യമായ തകരാര്‍ വരുത്തിയിരുന്നു. ഗ്ലാസ് നിര്‍മിത ജ്യൂസ് കപ്പുമായി പടികള്‍ ഇറങ്ങുന്നതിനിടയില്‍ എലേന കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയില്‍ കപ്പ് പൊട്ടുകയും കപ്പിലുണ്ടായിരുന്ന സ്ട്രോ എലേനയുടെ കണ്ണില്‍ തുളച്ച് കയറുകയുമായിരുന്നു.
പ്ലാസ്റ്റിക് കുറച്ച് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു മുന്‍ റേഡിയോ ജോക്കി കൂടിയായ എലേന സ്ട്രൂത്തേസ് ഗാര്‍ഡനര്‍ ലോഹനിര്‍മിത സ്ട്രോകള്‍ ഉപയോഗിച്ചിരുന്നത്. കുപ്പിയുടെ കപ്പില്‍ ഉറപ്പിച്ച നിലയിലായിരുന്നു സ്ട്രോയുണ്ടായിരുന്നത്. കോടിക്കണക്കിന് പ്ലാസ്റ്റിക നിര്‍മ്മിത സ്ട്രോകളാണ് ലണ്ടനില്‍ മാത്രം വലിച്ചെറിയുന്നതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.
നേരത്തെ കുതിരയോട്ടത്തിനിടയില്‍ സംഭവിച്ച പരിക്കില്‍ നിന്ന് മുക്തയാവാതിരുന്ന എലേന സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ളയാളായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. പ്ലാസ്റ്റിക് ഉപേക്ഷിക്കാനുള്ള സന്ദേശങ്ങളും ബോധവല്‍ക്കരണ പരിപാടികള്‍ക്കും പിന്നാലെയാണ് നിരവധിയാളുകള്‍ പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ ബഹിഷ്കരിക്കാന്‍ തയ്യാറാവുന്നത്.
